ശബരിമല, മുത്വലാഖ് വിഷയങ്ങളില്‍ ബി.ജെ.പിയുടെ നിലപാട് കാപട്യം: സോളി സൊറാബ്ജി
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന അക്രമാസക്ത പ്രതിഷേധപരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി രംഗത്ത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുപ്രിംകോടതി വിധിയുണ്ടായിട്ടും സ്ത്രീകളെ കടത്തിവിടാതെ തടയുന്ന ബി.ജെ.പി അതേസമയം, മുത്വലാഖ് നിരോധിച്ച സുപ്രിംകോടതി ഉത്തരവിനു പിന്നാലെ അത് ക്രിമിനല്‍ കുറ്റമാക്കി ഓര്‍ഡിനന്‍സ് ഇറക്കുകയാണ് ചെയ്തതെന്നും ഇത് പാര്‍ട്ടിയുടെ കാപട്യത്തിന് ഉദാഹരണമാണെന്നും സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു. മുസ്‌ലിംകളിലെ ഒരുവിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന മുത്വലാഖ് സമ്പ്രദായം നിരോധിച്ച് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതംചെയ്ത ബി.ജെ.പി, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിനെയും സ്വാഗതംചെയ്യേണ്ടതായിരുന്നു. മുത്വലാഖില്‍ കോടതി ഇടപെടുന്നത് നല്ലതാണെങ്കില്‍ ശബരിമല വിഷയത്തില്‍ കോടതി ഇടപെടുന്നതും നല്ലതാണെന്നും അദ്ദേഹം പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആര്‍ത്തവകാരികളായ സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് യുക്തിക്കു നിരക്കാത്തതും അവരുടെ പ്രാര്‍ഥിക്കാനുള്ള അവകാശത്തിന് എതിരുമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുമായി യോജിച്ചുപോവാത്തതാണെങ്കില്‍, അത്തരം ഘട്ടത്തില്‍ വിവേചനം നേരിടുന്നവരെ രക്ഷിക്കേണ്ടത് സുപ്രിംകോടതിയുടെ കടമയാണ്. തീര്‍ച്ചയായും കോടതി ജാഗ്രതയും വളരെയധികം വിവേചനബുദ്ധിയും ഉപയോഗിക്കണം.
എന്നാല്‍, ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ കോടതി ഇടപെട്ടേ മതിയാവൂ. കോടതിവിധിക്കെതിരേ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ നിശബ്ദരാവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി യുക്തിവച്ച് അളക്കരുതെന്ന് ശബരിമല കേസിലെ ഭൂരിപക്ഷവിധിയോടു വിയോജിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന്, അവരുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് സോളി സൊറാബ്ജി പ്രതികരിച്ചു.
എന്നാല്‍, ഇന്ദുമല്‍ഹോത്രയുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ ജൂനിയര്‍ ജഡ്ജിയായിട്ടും സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച അവരുടെ നടപടി ഇന്ത്യയിലെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലാടിനോട് വിയോജിച്ചു തന്നെ അവരുടെ ധീരമായ വിയോജിപ്പിനെ അഭിവാദ്യംചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."