പ്രളയ രക്ഷാപ്രവര്‍ത്തനത്തെ ഓര്‍മപ്പെടുത്തി നേവിയുടെ അഭ്യാസപ്രകടനം
കൊച്ചി: ഇന്നലെ കൊച്ചി കായല്‍പരപ്പിലെ നേവിയുടെ മോക്ഡ്രില്‍ കണ്ടവരുടെ മനസിലേക്ക് ആദ്യമെത്തുന്നത് പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളായിരിക്കും. കടലില്‍ മുങ്ങിത്താഴ്ന്നവരെ നേവിയുടെ ഹെലികോപ്റ്റര്‍ രക്ഷിക്കുന്ന രംഗം പ്രളയകാലത്തെ രക്ഷപ്പെടുത്തലിന്റെ നേര്‍സാക്ഷ്യമായിരുന്നു. കൊച്ചി കായലില്‍ നേവല്‍ വാരാഘോഷങ്ങളുടെ ഭാഗമായി നാവികസേനാംഗങ്ങള്‍ നടത്തിയ പ്രകടനത്തിലാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ആവിഷ്‌കരിക്കപ്പെട്ടത്. ഹെലികോപ്റ്ററുകള്‍ കായലിലേക്ക് ഇട്ടുകൊടുത്ത കയറില്‍ തൂങ്ങി ആകാശത്തേക്ക് പറന്നുപൊങ്ങുന്ന സേനാംഗങ്ങള്‍ നേവിയുടെ ശക്തിയാണ് തെളിയിച്ച് കാണിച്ചത്.
ചേതക് ഹെലികോപ്റ്ററുകളും ഡോണ്‍ എയര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും മറൈന്‍ കമാന്‍ഡോസുമെല്ലാം കായലിലും ആകാശത്തുമായി നടത്തിയ സാഹസിക പ്രകടനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാണികള്‍ കണ്ടുനിന്നു. ശത്രുക്കള്‍ പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ട് ഹെലികോപ്റ്ററുകളുടെയും സ്പീഡ് ബോട്ടുകളുടെയും സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തുന്നത് സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ളവര്‍ക്ക് നേരിട്ട് അനുഭവിക്കാനുള്ള അവസരമായിരുന്നു നാവികസേന ഒരുക്കിയത്.
ഇന്ത്യന്‍ നാവികസേനയുടെ പടക്കുതിര എന്ന് വിശേഷിപ്പിക്കുന്ന ഡോണ്‍ എയര്‍ വിമാനത്തിന്റെ പ്രകടനവും കാണികളെ അമ്പരിപ്പിച്ചു. ഓടിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ഹെലികോപ്റ്റര്‍ ഇറക്കുന്ന സാഹസികതയും ജാഗ്രതയും വേണ്ട പ്രകടനവും കാണികള്‍ക്കായി പുറത്തെടുത്തു. ഗവര്‍ണര്‍ പി. സദാശിവം, ഭാര്യ സരസ്വതി, ദക്ഷിണ നാവികസേനാ മേധാവി അനില്‍കുമാര്‍ ചൗള, നേവല്‍ കമാന്‍ഡ് സ്റ്റാഫ് ഓഫ് ചീഫ് റിയര്‍ അഡ്മിറല്‍ ആര്‍.ജെ നഡ്ക്കര്‍ണി, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല എന്നിവര്‍ സേനയുടെ പ്രകടനം കാണാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."