സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ഏകോപനത്തിന് പ്രത്യേക സംവിധാനം
ഫസല്‍ മറ്റത്തൂര്‍ #
തിരുവനന്തപുരം: വിവിധ മേഖലകളുടെ ഏകോപനമില്ലായ്മ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തല്‍. ഹയര്‍ സെക്കന്‍ഡറിതലം വരെ മികച്ച അക്കാദമിക നിലവാരവും മേന്‍മയുമുള്ള സംസ്ഥാനത്ത് ഇതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ത്താന്‍ കഴിഞ്ഞില്ലെന്നും നിരീക്ഷണം.
ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) റിസര്‍ച്ച് ഓഫിസര്‍ ഡോ. യു.സി ബിവീഷ്, കോളജ് വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് കോഓഡിനേറ്റര്‍ എസ്.ജെ ഷാബു എന്നിവരടങ്ങിയ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകളുള്ളത്.
കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസരംഗം സംബന്ധിച്ച വിവരശേഖരണത്തിന് സമിതിയെ ചുമതലപ്പെടുത്തിയത്. വിവിധ സര്‍വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ച വിശദമായ ഡാറ്റാബാങ്ക് തയാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനാണ് സാധ്യത.
സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകോപിപ്പിച്ച് ഡോക്യുമെന്റേഷന്‍ സെന്റര്‍ ആന്‍ഡ് മീഡിയ സെല്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നാണ് രണ്ടംഗ സമിതിയുടെ പ്രധാന നിര്‍ദേശം. ഒരു ഡയരക്ടര്‍, ഒരു കോഓഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടത്.
കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ മറ്റു കേന്ദ്ര ഏജന്‍സികള്‍ എന്നിവക്ക് സംസ്ഥാന തലത്തിലുള്ള വിവരം കൃത്യസമയത്ത് ഈ കേന്ദ്രം വഴി നല്‍കാനാകും. ഓരോ വാര്‍ഷവും പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികളുടെ എണ്ണം എന്നിവ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ഡാറ്റാബാങ്ക് പരിഷ്‌കരിക്കണം. ഇത് ഭാവിയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും സര്‍ക്കാരിന് സഹായകമാവുമെന്നും രണ്ടംഗ സമിതി നിരീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."