യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: ഗ്രൂപ്പുകള്‍ ചെലവിടുന്നത് കോടികള്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം പിടിക്കുന്നതിനായി എ, ഐ ഗ്രൂപ്പുകള്‍ ചെലവിടുന്നത് കോടികള്‍.
ബൂത്തുതലത്തില്‍ നാലുപേരെ പ്രാഥമിക അംഗത്വത്തിലേക്ക് കൊണ്ടുവരുന്നയാളിനാണ് ഇഫക്ടീവ് മെമ്പറായി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുക. ഇഫക്ടീവ് മെമ്പര്‍ഷിപ്പിന് 75 രൂപയാണ് നല്‍കേണ്ടത്. ഈ മാസം നാലുവരെ ഓണ്‍ലൈനായി യൂത്ത് കോണ്‍ഗ്രസ് അംഗത്വം എടുക്കുന്നതിന് അവസരമുണ്ട്. അതിനുശേഷം ഫോറം പൂരിപ്പിച്ചുനല്‍കിയാകും അംഗമാകേണ്ടത്. ഇതിന് 150 രൂപ അംഗത്വഫീസ് നല്‍കണം. ഇതുവരെ ആളെക്കൂട്ടാന്‍ കഴിയാതിരുന്നവര്‍ 150 രൂപ മുടക്കിയാകും അംഗങ്ങളെ ചേര്‍ക്കുക. ഇതിനായി വന്‍ തുകയാണ് ഓരോ ഗ്രൂപ്പും മാറ്റിവച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിനും കോടിക്കണക്കിന് രൂപഇതിനായി ചെലവാകുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ഇതിനുള്ള തുക ശേഖരിക്കുന്ന തിരക്കിലാണ് ഗ്രൂപ്പ് നേതാക്കള്‍.
അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതെ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹി സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ പണം മുടക്കുന്ന ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിനുപകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നാണ് സുധീരന്‍ പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍പട്ടികയിലേക്ക് അര്‍ഹരായവരെ ചേര്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അതിനൊന്നും ശ്രമിക്കാതെ യൂത്ത് കോണ്‍ഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ മതിയെന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങള്‍ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കള്‍ കൈക്കൊള്ളുന്നത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്‌ചെയ്തികളില്‍ നിന്ന് ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിയണമെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."