'വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം'
തിരുവനന്തപുരം: വനിതാമതിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പാര്‍ട്ടി പരിപാടിയാണ്.
സര്‍ക്കാര്‍ 190 സംഘടനകളെയാണ് യോഗത്തിന് ക്ഷണിച്ചത്. എന്നാല്‍, 80 സംഘടനകള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന്റെ മിനുറ്റ്‌സ് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. സി.പി.എം വനിതാമതില്‍ തീര്‍ക്കുന്നതില്‍ തെറ്റില്ല. അല്ലാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കരുത്. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന്റെ പേരില്‍ ഒരു കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. നവോത്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പോകുന്നത്. ഇത്തരം ധൂര്‍ത്തുകള്‍ യു.ഡി.എഫ് അംഗീകരിക്കില്ല. ഇതിനെതിരേ ഡിസംബര്‍ അഞ്ചിന് മണ്ഡലാടിസ്ഥാനത്തില്‍ സായാഹ്നധര്‍ണ സംഘടിപ്പിക്കും.
ജനങ്ങളെ ജാതീയമായി വേര്‍തിരിക്കാനും വിശ്വാസി, അവിശ്വാസി ഏറ്റുമുട്ടലിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തിയാണ് പിണറായിയുടേത്. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയാണ് ശബരിമല വിഷയത്തെ വഷളാക്കിയത്. ഇതില്‍ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി സമരങ്ങളെല്ലാം അവരുടെതന്നെ വിഭാഗീയത കാരണം പാഴ്‌സമരങ്ങളായി. ശബരിമലയില്‍ ഇപ്പോഴും അടിസ്ഥാനസൗകര്യങ്ങളില്ല. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇതുവരെ അവിടെ പോയിട്ടില്ല. അദ്ദേഹം വിളിച്ചാല്‍ താന്‍ പോകാന്‍ തയാറാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."