എം പാനലുകാരെ ഒഴിവാക്കാന്‍ നീക്കം
വി.എസ് പ്രമോദ്#
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് എം പാനലുകാരായ ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ നീക്കം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്ഥിരം നിയമനം നേടിയവരെയും പിരിച്ചുവിടുന്നതിന് ആലോചനയുണ്ട്.
നിലവില്‍ എണ്ണായിരത്തോളം എം പാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍, ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പത്തുവര്‍ഷത്തില്‍ താഴെ മാത്രം സര്‍വിസുള്ളവരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ ജോലിക്കെടുക്കണമെന്നാണ് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടത്. ഈ വിധി ദുരുപയോഗം ചെയ്ത് പത്തുവര്‍ഷം സര്‍വിസ് ഉണ്ടായിരുന്നതിനാല്‍ സ്ഥിരം നിയമനം നേടിയവരെയും പിരിച്ചുവിടാനുള്ള ഗൂഢ നീക്കമാണ് കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നടക്കുന്നത്. പി.എസ്.സി കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നപ്പോള്‍ 2012ല്‍ പത്തുവര്‍ഷത്തിലധികം സര്‍വിസ് കാലയളവുള്ളതിന്റെ പേരില്‍ സ്ഥിരപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെയാണ് പിരിച്ചുവിടല്‍ ഭീഷണിയുള്ളത്.
പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കെയാണ് ഇവരുടെ നിയമനമെന്നാണ് വാദം. പി.എസ്.സിയുടെ കണ്ടക്ടര്‍ ലിസ്റ്റാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ ഡ്രൈവര്‍, മെക്കാനിക്ക് തസ്തികകളില്‍ ഉള്ളവരെ ഉള്‍പ്പെടെ പിരിച്ചുവിടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുകയാണെങ്കില്‍ പരമാവധി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ആലോചനയാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് നല്‍കിയ കത്തില്‍ സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എം.ഡിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ എണ്ണായിരത്തോളം പേരുടെ തൊഴിലാണ് നഷ്ടമാകാന്‍ പോകുന്നത്. ഓരോ സര്‍ക്കാരുകളുടെ കാലത്തും പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരും ഈ പട്ടികയിലുണ്ട്.
ആദ്യഘട്ടത്തില്‍ മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരായ സ്ഥിരം തൊഴിലാളികളെയാകും പിരിച്ചുവിടുക. കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികകളിലുള്ളവരെ തല്‍ക്കാലം പിരിച്ചുവിടില്ല. ഇവര്‍ക്കു മുന്നിലുള്ളതും തൊഴില്‍ ഭീഷണി തന്നെയാണ്. ഹൈക്കോടതി ഉത്തരവിനെതിരേ പത്തുവര്‍ഷം പൂര്‍ത്തിയാക്കി സ്ഥിരം നിയമനം നേടിയ ജീവനക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."