പ്രതിപക്ഷ നേതാവ് മര്യാദകളെല്ലാം ലംഘിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛമനോഭാവമാണ്. പ്രതിപക്ഷ നേതാവ് സമാന്യമര്യാദയുടെ സീമകള്‍ ലംഘിച്ചു. യോഗത്തില്‍ പങ്കെടുത്തവരെ ജാതിസംഘടനകള്‍ എന്നു വിളിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതില്‍ പൊളിക്കും എന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചത്. യോഗം തുടങ്ങുമ്പോള്‍ ഇങ്ങനയൊരു പരിപാടിയെക്കുറിച്ച് പറഞ്ഞിട്ടില്ല. ചര്‍ച്ചയില്‍ നിന്നുണ്ടായതാണ് തീരുമാനം. മൂല്യാധിഷ്ഠിതമായ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ മതില്‍ ഉണ്ടാക്കുമ്പോള്‍ അതിനെ പൊളിക്കും എന്നു പറയുന്നത് സ്ത്രീ വിരുദ്ധ നിലപാടാണ്. കേരളത്തിലെ സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കും എന്നകാര്യം ഉറപ്പാണ്.
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി തള്ളി. മാധ്യമങ്ങള്‍ക്ക് വിലക്കില്ല. വിവരങ്ങള്‍ യഥാക്രമം ലഭിക്കുംവിധമാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് ഒരു പരിമിതിയും വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."