പിണറായിയുടെ നാടകം കണ്ടാല്‍ അദ്ദേഹവും സി.പി.എമ്മുമാണ് നവോത്ഥാനത്തിന്റെ മൊത്തവ്യാപാരികളെന്നു തോന്നും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മത ന്യൂനപക്ഷ സമുദായങ്ങളെ നവോത്ഥാന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ 'നവോത്ഥാന യോഗം' വിളിച്ച് വനിതാ മതില്‍ തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായാണ് പ്രതിപക്ഷ നേതാവ് സ്വരം കടുപ്പിച്ചത്.
വനിതാ മതില്‍ ജനം പൊളിക്കുമെന്നാണ് ഞാന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ താനേ പൊളിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. സി.പി സുഗതനെപ്പോലെയുള്ള എടുക്കാച്ചരക്കുകളെ പിണറായി മഹത്വവത്ക്കരിക്കുന്നു. ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നു പറഞ്ഞയാളെ വച്ചാണ് പിണറായി സ്ത്രീ സമത്വം കൊണ്ടുവരാന്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അവരുടെയെല്ലാം പഴയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. ഇങ്ങനയൊണോ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടത്.
ക്രിസ്തു, മുസ്‌ലിം മത വിഭാഗത്തില്‍പ്പെട്ട നവോത്ഥാന സംഘടനകളെ ഒഴിവാക്കുന്നത് എന്തിനാണ്. ആലി മുസ്‌ലിയാരും മക്തി തങ്ങളും കുഞ്ഞാലിമരയ്ക്കാറുമില്ലാതെ എങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രം പൂര്‍ണമാവുമെന്നും ചെന്നിത്തല ചോദിച്ചു.
സ്വന്തം പാര്‍ട്ടി ആപ്പിസിലേക്കു പോലും സ്ത്രീകള്‍ക്കു പോകാന്‍ ഭയപ്പെടേണ്ട കാലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.
മുഖ്യമന്ത്രി തരംതാഴുന്നത് ദൗര്‍ഭാഗ്യകരമാണ്. ശബരിമലയിലെ ഇപ്പോഴുള്ള അവസ്ഥയ്‌ക്കെല്ലാം കാരണം മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലും അനവസരത്തിലുള്ള പ്രസ്താവനകളുമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."