മോദിയുടെ കാലത്തെ 22 വ്യാജ ഏറ്റുമുട്ടലുകള്‍: കേസില്‍ വിശദവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രായായിരിക്കെയുണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ വിശദമായ വാദംകേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. തിങ്കളാഴ്ച കേസില്‍ വാദംകേള്‍ക്കവെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഈ മാസം 12ന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുന്‍പായി സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം. 2002നും 2006നും ഇടയിലുണ്ടായ വ്യാജഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പമുഖ ചലച്ചത്ര പ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ്, അന്തരിച്ച മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ്, മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാഷ്മി എന്നിവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികളാണ് ഇതുസംബന്ധിച്ച് സുപ്രിംകോടതിയിലുള്ളത്.
2007ലാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി വ്യാജഏറ്റുമുട്ടലുകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 2012ല്‍ പ്രത്യേക സമിതിയെ (എസ്.എഫ്.ടി) നിയോഗിച്ചു. എന്തുകൊണ്ടാണ് ഗുജറാത്തിലെ മോദി സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്ന് ഓടിയൊളിക്കുന്നതുള്‍പ്പെടെയുള്ള വിമര്‍ശനമുന്നയിച്ച ശേഷമാണ് ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്, സമിതിയെ നിയോഗിച്ച് ഉത്തരവിട്ടത്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ശ്രമം നടന്നോ എന്നു പരിശോധിക്കാനും സമിതിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തുണ്ടായ 17 വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് എച്ച്.എസ് ബേദി അധ്യക്ഷനായ പ്രത്യേക സമിതി 2016ല്‍ സുപ്രിംകോടതിക്കു റിപ്പോര്‍ട്ട് നല്‍കി.
സമീര്‍ ഖാന്‍ പത്താന്‍, സാദിഖ് ജമാല്‍, ജോഗീന്ദര്‍ സിങ്, കാസിം ജാഫര്‍ ഹുസൈന്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടില്‍ പൊലിസിനെതിരേ ഗൗരവമുള്ള പരാമര്‍ശങ്ങളുള്ളതായാണ് സൂചന. 22 കേസുകളാണ് സമിതിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതെങ്കിലും ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖ്, സുഹ്‌റബുദ്ദീന്‍ ശൈഖ്, തുള്‍സിറാം പ്രജാപതി എന്നിവര്‍ കൊല്ലപ്പെട്ട അഞ്ചു കേസുകള്‍ ഇതിനകം വിവിധ കോടതികളിലുള്ളതിനാല്‍ സമിതി ഇവ ഒഴിവാക്കി. ബാക്കിവരുന്ന 17 കേസുകള്‍ അന്വേഷിച്ചാണ് ജസ്റ്റിസ് ബേദി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹരജിക്കാര്‍ക്കു നല്‍കിയിരുന്നില്ല. ഇന്നലെ കേസ് പരിഗണിക്കവെ, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. ഇക്കാര്യത്തില്‍ തനിക്കു സര്‍ക്കാരിന്റെ അനുമതി വേണമെന്നും തുഷാര്‍ മേത്ത അറിയിച്ചു. ഇതോടെയാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിയാവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."