മലയാളത്തിന്റെ പകുതി നദികളേയും മാലിന്യം വിഴുങ്ങി, 21 നദികള്‍ ആസന്ന മൃതിയിലേക്ക്
ന്യൂഡല്‍ഹി: കേരളത്തിലെ ആകെയുള്ള 44 നദികളില്‍ ഇരുപത്തിയൊന്നെണ്ണവും അപകടകരമാംവിധം മലിനീകരിക്കപ്പെട്ടുവെന്ന് കേന്ദ്ര ജല വകുപ്പ് മന്ത്രി രത്തന്‍ ലാല്‍ കട്ടാരിയ ലോക്സഭയെ രേഖാമൂലം അറിയിച്ചു. രാജ്യത്ത് 351 നദികള്‍ ഗുരുതരമായ മലിനീകരണത്തിന് വിധേയമായെന്ന് ഇത് സംബന്ധിച്ച ടി.എന്‍ പ്രതാപന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. രാജ്യത്തെ ഭൂപ്രകൃതി ഇരുപത്തിയഞ്ച് നദീതടങ്ങളായി തരം തിരിച്ചിരിക്കുകയാണ്. നദികളാണ് ഏറ്റവും സജീവമായ ജലസ്രോതസ്സുകള്‍. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം നദികളുടെ സജീവതയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മഴലഭ്യത നീരൊഴുക്കിനെ സാരമായി ബാധിച്ചതായി മന്ത്രി പറഞ്ഞു.
കേരളത്തില്‍ കരമന, ഭാരതപ്പുഴ, കടമ്പയാര്‍, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കല്ലായി, കരുവന്നൂര്‍, കവ്വായി, കുറ്റ്യാടി, മൊഗ്രാല്‍, പെരിയാര്‍, പെരുവെമ്പ്, പുഴക്കല്‍, രാമപുരം, തിരൂര്‍, ഉപ്പള തുടങ്ങിയ നദീതടങ്ങള്‍ അതീവ മലിനീകരണ വിധേയമെന്നാണ് കണ്ടെത്തല്‍. കാര്‍ഷിക മാലിന്യങ്ങളാണ് നദികളിലേക്കെത്തുന്നവയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ്. നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലവും വ്യാവസായിക മാലിന്യങ്ങളും ചേരുന്നത് നദികളെ വലിയതോതില്‍ മലിനമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മലിനീകരണം തടയുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുമായി ചേര്‍ന്ന് പ്രവൃത്തിക്കുന്നുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴില്‍ നദീജലങ്ങളിലെ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് പരിശോധിച്ചാണ് രാജ്യത്തെ 351 നദികള്‍ മലിനമാണെന്ന് സ്ഥിതീകരിച്ചത്.
നദി മലിനപ്പെടുത്തുന്നവര്‍ക്കെതിരെ 1986ലെ പരിസ്ഥിതി നിയമപ്രകാരവും, 1976 ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരവും കുറ്റം ചുമത്തുമെന്നും ടി.എന്‍ പ്രതാപന് നല്കിയ മറുപടിയില്‍ കേന്ദ്ര മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."