സഊദിയിലെ സമസ്ത സംഘടനകളുടെ ഏകീകരണം; അണികളില്‍ ആഹ്ലാദം
ദമാം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശത്തില്‍ സഊദിയില്‍ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകള്‍ ഒറ്റ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് അണികളില്‍ ആവേശവും ആഹ്ലാദവുമാണ് ഉണ്ടാക്കുന്നത്. ഏകീകൃത സ്വഭാവത്തില്‍ ഒറ്റ സംഘടനയായി പ്രഖ്യാപിച്ചതോടെ ഏറെക്കാലമായി പ്രവര്‍ത്തകരുടെ അഭിലാഷം കൂടിയാണ് പൂവണിഞ്ഞത്. പുതിയ സംരംഭത്തിന്റെ പ്രഖ്യാപന സംഗമത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പങ്കെടുക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമായി മാറി. സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന പേരിലാണ് സഊദിയിലെ സമസ്ത സംവിധാനം ഇപ്പോള്‍ അറിയപ്പെടുന്നത്.
സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ (എസ്.കെ.ഐ.സി), എസ്.വൈ.എസ് എന്നീ രണ്ടു സംഘടനകളായിട്ടായിരുന്നു ഇത് വരെ സഊദിയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഇത് രണ്ടും അപ്രസക്തമാക്കിയാണ് സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന പേരിലേക്ക് പ്രവര്‍ത്തനങ്ങളെ ഏകീകരിച്ചത്. പ്രവര്‍ത്തകരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചു സമസ്ത കേന്ദ്ര മുശാവറ പാസാക്കിയ തീരുമാനം കഴിഞ്ഞയാഴ്ച്ച മദീനയില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സഊദിയിലെ സമസ്ത പ്രവര്‍ത്തനം പുതിയ തലത്തില്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
സമസ്ത ജനറല്‍ സെക്രട്ടറിയായി തുടരുന്ന പ്രൊഫസര്‍ ആലിക്കുട്ടി ഉസ്താദ് 1983 ല് നടത്തിയ മക്ക സന്ദര്‍ശനത്തിലാണ് ആദ്യമായി സമസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.വൈ.എസിനു രൂപം നല്‍കിയത്. പിന്നീട് 1989 കാലഘട്ടത്തില്‍ എസ്.വൈ.എസിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന മര്‍ഹൂം ഉമറലി ശിഹാബ് തങ്ങളും സി.എച്ച് ഹൈദ്രോസ് ഉസ്താദും അധികാരപ്പെടുത്തിയതോടെ സഊദിയുടെ പലയിടങ്ങളിലും സമസ്ത പ്രചാരണത്തിനായി ആലിക്കുട്ടി ഉസ്താദിന്റെ നേതൃത്വത്തില്‍ എസ്.വൈ.എസിനു രൂപം നല്‍കുകയുമായിരുന്നു. പിന്നീട് മര്‍ഹൂം മമ്മദ് ഫൈസി, ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവരെ ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നിയോഗിക്കുകയും ചെയ്തു.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍ രൂപം കൊടുത്ത് സഊദിയിലും ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍ സജീവമായത്. ഇതിനിടയില്‍ വിവിധയിടങ്ങളില്‍ നിര്‍ജ്ജീവമായ എസ്.വൈ.എസിനു പകരമായി ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയും പിന്നീട് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ എന്ന ലേബലിലേക്ക് മാറുകയുമായിരുന്നു. പിന്നീട് ഇരുസംഘടനകളുടെയും പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ഒരു സംഘടനയെന്ന അണികളുടെ ആവശ്യം സമസ്ത അംഗീകരിക്കുകയും സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന സംഘടനയായി പ്രഖ്യാപിക്കുകയുമായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും സന്നിഹിതനായിരുന്നു. ഏകീകൃത സംവിധാനം മറ്റു രാജ്യങ്ങളിലും ഉടന്‍ ഉണ്ടാകും.
മദീനയില്‍ നടന്ന പ്രഖ്യാപനത്തിനു പുറമെ, തൊട്ടടുത്ത ദിവസം തന്നെ മക്ക, തുടര്‍ന്ന് ജിദ്ദ, ദമാം, ബുറൈദ, റിയാദ് തുടങ്ങി പ്രമുഖ സ്ഥലങ്ങളിലെല്ലാം സമസ്ത ഇസ്‌ലാമിക് സെന്റര്‍ പ്രഖ്യാപന കണ്‍വെന്‍ഷനുകളും പുതിയ കമ്മിറ്റി പ്രഖ്യാപനവും നടന്നു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം സമസ്ത ജനറല്‍ സെക്രട്ടറി നേരിട്ടെത്തി പ്രഖ്യാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഏറെ ഊര്‍ജ്ജം നല്‍കുന്നതായാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.
പുതിയ പേരിലുള്ള സംവിധാനം സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണെന്നും അതിനു എല്ലാവരും നല്ല മനസ്സോടെ ഊര്‍ജ്ജ സ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഉസ്താദുമായി നടത്തിയ അഭിമുഖത്തില്‍ പ്രത്യേകം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."