പൊലിസിന്റെ കണ്ണുവെട്ടിച്ച് നാലംഗ സായുധസംഘം എത്തിയത് പട്ടാപ്പകല്‍
നിലമ്പൂര്‍: ഒരിടവേളക്ക് ശേഷം നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. വഴിക്കടവ് റേഞ്ചിലുള്ള പുഞ്ചകൊല്ലി പ്ലാന്റേഷന്റെ ഓഫിസിലാണ് ആയുധധാരികളായ നാലംഗ സംഘം ഇന്നലെ രാവിലെ എട്ടോടെ എത്തിയത്. സോമന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. തമിഴും മലയാളവും സംസാരിക്കുന്ന സംഘത്തില്‍ സ്ത്രീകളുണ്ടായിരുന്നില്ല.
പട്ടാള വേഷധാരികളായ സംഘം വനത്തില്‍ നിന്ന് വനം സ്റ്റേഷനോട് ചേര്‍ന്നുള്ള വഴിയിലൂടെയാണ് പ്ലാന്റേഷന്റെ ഓഫിസിലെത്തിയത്. ടാപ്പിങ് തൊഴിലാളികളോട് സംസാരിച്ച ശേഷമാണ് ഓഫിസിലെത്തിയത്. തൊഴിലാളികളോട് സംസാരിക്കണമെന്ന് സംഘം ഓഫിസിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടു.
ജീവനക്കാരന്‍ എതിര്‍ത്തെങ്കിലും അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് മലയാളത്തില്‍ കാല്‍മണിക്കൂറോളം ക്ലാസെടുത്താണ് സംഘം മടങ്ങിയത്. തൊഴിലാളികള്‍ അടിമകളല്ലെന്നും കൂലി കൂടുതല്‍ ചോദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ആദിവാസികള്‍ക്ക് വേണ്ടി സ്ഥാപിച്ചതാണ് പ്ലാന്റേഷനെന്നും സര്‍ക്കാരിനെതിരേയും മാനേജ്‌മെന്റിനെതിരേയും തിരിയണമെന്നും തൊഴിലാളികളെ ഉപദേശിച്ചു. ഓഫിസ് ചുമരില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചു. തൊഴിലാളികളുടെ കൂലി 800 രൂപയാക്കുക, തേന്‍ സീസണില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ആദിവാസികള്‍ക്ക് നിയമാനുസൃതം അവധി നല്‍കുക, മുഴുവന്‍ തൊഴിലാളികളെയും മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തുക, തൊഴിലാളികളുടെ അധിക ജോലി ഭാരം കുറക്കുക, പിരിച്ചുവിടല്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ള നോട്ടിസ് ആണ് പതിച്ചത്.
തൊഴിലാളികള്‍ക്ക് ലഘുലേഖകളും നോട്ടിസുകളും നല്‍കി. പത്രങ്ങള്‍ക്ക് നല്‍കാനായി പ്രസ് റിലീസും നല്‍കിയ ശേഷം കാന്റീനില്‍നിന്ന് പലവ്യഞ്ജന സാധനങ്ങളുമായാണ് സംഘം വനത്തിനുള്ളിലേക്ക് കയറിയത്. വിവരം ലഭിച്ചതനുസരിച്ച് പൊലിസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി. പൊലിസ് നല്‍കിയ ചിത്രത്തില്‍നിന്ന് വന്നവരില്‍ സോമനും സന്തോഷും ഉണ്ടെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞു.
വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2016 നവംബര്‍ 24ന് രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട ഒണക്കപ്പാറ വനത്തിനു ചേര്‍ന്നുള്ള പ്രദേശമാണിത്. രക്തസാക്ഷി ദിനത്തില്‍ തിരിച്ചടിക്കുമെന്ന് കണ്ട് കൂടുതല്‍ പൊലിസ് സേനയെ വിന്യസിച്ചിരുന്നുവെങ്കിലും ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് സംഘം പട്ടാപകല്‍ തന്നെ ജനവാസ കേന്ദ്രത്തില്‍ എത്തിയതെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. പ്രദേശത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."