ഷഹ്‌ല മറക്കാനാവാത്ത പാഠം: ആര്‍ദ്ര വിദ്യാലയത്തില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും എത്തുന്നു, തുടക്കം വയനാട് ജില്ലയില്‍
തിരുവനന്തപുരം: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ പുതിയ പദ്ധതി വരുന്നു. ഹെല്‍ത്ത് ടീച്ചറുടെയും ചങ്ങാതി ഡോക്ടറുടെയും സേവനമാണ് സ്‌കൂളുകളില്‍ ഒരുക്കുന്നത്. ആരോഗ്യ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ആര്‍ദ്ര വിദ്യാലയം എന്ന് പേരിട്ട പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
പദ്ധതിക്ക് തുടക്കമാകുന്നത് വയനാട്ടില്‍ നിന്നു തന്നെയാണ്.
വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ആര്‍ദ്രവിദ്യാലയം നടപ്പാക്കും. എല്ലാ സ്‌കൂളുകളിലും ആര്‍ദ്രം കോര്‍ണര്‍ സ്ഥാപിക്കും. പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്ര വിദ്യാലയം നടപ്പാക്കുക.
എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള 80,000 വിദ്യാര്‍ഥികള്‍ക്കും ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കും.
സംസ്ഥാനത്തെ 1,000 കുട്ടി ഡോക്ടര്‍മാര്‍ക്കും വിവിധ വകുപ്പുകളില്‍ നിന്നുള്ള 200 വോളന്റിയര്‍മാര്‍ക്കും 303 സ്‌കൂളുകളിലെ ഒരു അധ്യാപികയെ ഹെല്‍ത്ത് ടീച്ചറായി തിരഞ്ഞെടുത്ത് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നല്‍കുക. ഒന്നര മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
രണ്ടാം ഘട്ടമായി 303 സ്‌കൂളുകളിലും ഹെല്‍ത്ത് ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ഈ കോര്‍ണറില്‍ ഉണ്ടാകും. എന്‍.എച്ച്.എം, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അവബോധ ബോര്‍ഡുകളും സ്ഥാപിക്കും.
പാമ്പുകടി,പട്ടികടി, തലകറക്കം, മുറിവ്, മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ ഇവിടെ നിന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കും. പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍ക്കായിരിക്കും ഇതിന്റെ ചുമതല. മാതൃ പി.ടി.എ.യുടെ സഹകരണത്തോടെ മാതൃഹസ്ത്തത്തിലൂടെ കുട്ടികള്‍ക്ക് ഒരു അമ്മയുടെ സേവനവും ദിവസവും മാറിമാറി ലഭ്യമാക്കും. സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടര്‍ക്ക് ചങ്ങാതി ഡോക്ടറാക്കി ചുമതല നല്‍കും.
സ്‌കൂളില്‍ നിന്നും വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഡോക്ടറുടെ ചുമതല. ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശവും നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിക്കണം. പ്രവര്‍ത്തനം വിലയിരുത്തണം. മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യതയും ഉറപ്പാക്കണം. ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ചായിരിക്കും ചങ്ങാതി ഡോക്ടര്‍ പ്രവര്‍ത്തിക്കുക. ഐ.എം.എ., കെ.ജി.എം.ഒഎ., യു.എന്‍. ദുരന്ത നിവാരണ സമിതി വിദഗ്ധന്‍ മുളരി തുമ്മാരക്കുടിയുടെ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലസ് ഫോര്‍ എന്‍.ജി.ഒ., വിന്‍സ് ഹോസ്പിറ്റല്‍ വയനാട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."