പി.ബി അബ്ദുല്‍ റസാഖിന്റെ മകന് കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്കി
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസില്‍ എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ മകന് കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചു. കെ. സുരേന്ദ്രന് നല്കിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
കേസില്‍ കക്ഷി ചേരുന്നതിനായി അബ്ദുല്‍ റസാഖിന്റെ മകന് ഷഫീഖ് റസാഖ് നല്കിയ അപേക്ഷ പരിഗണിക്കുന്നതിനാണ് കേസ് മാറ്റിയത്. അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ഹരജിയുമായി മുന്നോട്ട് പോകണോയെന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ പിന്‍മാറുന്നില്ലെന്നായിരുന്നു മറുപടി.
ഇതേ തുടര്‍ന്ന് കേസിലെ എതിര്‍കക്ഷി മരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി കക്ഷി ചേരാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില് കോടതിയില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖ് വിജയിച്ചത് കള്ളവോട്ട് ചെയ്തതിനാലാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ ഹരജി. 89 വോട്ടിനായിരുന്നു അബ്ദുല്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."