മാണിയെ ചങ്ക് കൊടുത്താണ് സംരക്ഷിച്ചത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരിയിട്ടില്ല- രമേശ് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് മുന്നണിയില്‍ നിന്നും മാണി ഗ്രൂപ്പ് വിട്ടുപോയതിന്റെ കാരണങ്ങള്‍ തീര്‍ത്തും അശക്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമായും അവര്‍ ഉന്നയിക്കുന്നത് ബാര്‍കോഴക്കേസില്‍ മാണി ഉള്‍പ്പെട്ടതും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണിയില്‍ നിന്നും വിട്ടത്.
കെ.എം മാണിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ യു.ഡി.എഫില്‍ ഉന്നയിക്കാമായിരുന്നു. എന്നാല്‍, യാതൊരു പരാതിയും ഉന്നയിക്കാതെ ഒന്നും മിണ്ടാതെയാണ് അദ്ദേഹം പുറത്തുപോവുന്നതായി പ്രഖ്യാപിച്ചത്. തീര്‍ത്തും യു.ഡി.എഫിനെ സംബന്ധിച്ച് ഒരു ഘടകം പുറത്തുപോവുക എന്നത് നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ മാണിയെ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച അന്നത്തെ ഇടതുപക്ഷത്തില്‍ നിന്നു മാണിയെ ചങ്ക് കൊടുത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷിച്ചത്. പിന്നീട് ബാര്‍ കോഴക്കേസിലും മാണിയെ യു.ഡി.എഫ് സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ബാര്‍ കോഴക്കേസില്‍ മാണി നിരപരാധിയാണെന്നാണ് താന്‍ അന്നും ഇന്നും വിശ്വസിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരുടെയും കാലുവാരില്ല. അങ്ങനെയൊരു പ്രവര്‍ത്തനം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുകിയില്ലെന്നും ചരിത്രം അതാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ബന്ധമാണ് യു.ഡി.എഫിനു മാണിയുമായുള്ളത്. മുന്നണിയില്‍ മാണിക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നു. അദ്ദേഹത്തെ ഒരു ഘട്ടത്തിലും തള്ളിപ്പറഞ്ഞിരുന്നില്ല. യു.ഡി.എഫിലെ മൂന്നാമത്തെ കക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം എന്നും നല്‍കിയിട്ടുണ്ട്. മുന്നണിയുമായി ബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞ കാരണങ്ങളെ കാരണങ്ങളായി കരുതാനാവില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."