മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ബികോം വിദ്യാര്‍ഥികളുടെ കോപ്പിയടിക്ക് നേരെ കണ്ണടച്ച അധ്യാപികയാണ് രാഖിയെ പിടികൂടിയതെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തലുംവന്നതോടെ കേസ് വഴിത്തിരിവിലായിരിക്കുകയാണ്. സജിമോന്‍, ലില്ലി, നിഷ എന്നിവരെയാണ് കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളജിലെ ഇന്റേണല്‍ കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി.
നവംബര്‍ 28ന് ആയിരുന്നു രാഖി കൃഷ്ണ(19) ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതുടര്‍ന്നാണ് രാഖി ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി കൊല്ലം എസ്.എന്‍ കോളജിന് മുന്നില്‍ വച്ചാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. സംഭവത്തില്‍ കോളജ് അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ കുടുംബവും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അധ്യാപിക രാഖിയെ പലരുടേയും മുന്‍പില്‍വച്ച് പരിഹസിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റായ ബി.കോമിലെ വിദ്യാര്‍ഥികളുടെ കോപ്പിയടി കണ്ട് കണ്ണടച്ചു ചിരിച്ചു തള്ളിയ അധ്യാപിക തങ്ങളുടെ സഹപാഠിയായ രാഖികൃഷ്ണയെ മാത്രം പിടികൂടിയതെന്തിനെന്ന ചോദ്യമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്. രാഖിയുടെ ചുരിദാര്‍ ടോപ്പില്‍ കണ്ടെത്തിയ ഇംഗ്ലീഷ് വാചകങ്ങള്‍ സംഭവദിവസത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് രാഖി കേണു പറഞ്ഞിട്ടും അധ്യാപികയായ ശ്രുതി രാഖിയെ ക്രൂരമായി ശകാരിച്ച ശേഷം സ്‌ക്വാഡിന് കൈമാറിയതാണ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമായതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിനിടെ, കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്. സസ്‌പെന്‍ഷനിലായ മൂന്ന് അധ്യാപകര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കില്‍ കോളജിന് മുന്നില്‍ സമരപരമ്പര ആരംഭിക്കാനും വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബോധ്യമായാല്‍ ഇടപെടുമെന്നും സംസ്ഥാന വനിതാ കമ്മിഷനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."