ബാഴ്സലോണക്കും ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇന്നലെ നടന്ന വിവിധ ക്ലബ് ഫുട്ബോള്‍ മത്സരങ്ങളില്‍ ലിവര്‍പൂളിനും ബാഴ്സലോണക്കും ജയം. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് തുടര്‍ച്ചയായ 14 ജയങ്ങള്‍ക്ക് ശേഷം സമനിലയും നേരിടേണ്ടി വന്നു. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെയാണ് ലിവര്‍പൂള്‍ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. 96-ാം മിനുട്ടില്‍ ഡിവോക്ക് ഒറിഗിയാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 36 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 38 പോയിന്റാണുള്ളത്.
ലാലിഗയില്‍ ബാഴ്സലോണ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സെവിയ അലാവസിനോട് സമനില വഴങ്ങിയതും ബാഴ്സയുടെ മുന്നേറ്റത്തിന് കാരണമായി. ജെറാദ് പിക്വ (36), കാര്‍ലസ് അലെന (87) എന്നിവരാണ് ബാഴ്സക്കായി ഗോളുകള്‍ നേടിയത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് 28 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സെവിയക്ക് 27 പോയിന്റും.
ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ അപരാജിത കുതിപ്പിന് വിരാമം. തുടര്‍ച്ചയായ 14 ജയത്തിന് ശേഷം ഇന്നലെ പി.എസ്.ജി സമനില വഴങ്ങി. ബോര്ഡെക്സിനോടാണ് പി.എസ്.ജി സമനില വഴങ്ങിയത്.
ആദ്യം നെയ്മറിലൂടെ പി.എസ്.ജി ലീഡ് നേടിയെങ്കിലും ബോര്‍ഡെക്സ് സമനില പിടിച്ചു. 66-ാം മിനുട്ടില്‍ എംബാപെ വീണ്ടും ഗോള്‍ നേടി പി.എസ്.ജിയെ മുന്നിലെത്തിച്ചു. എന്നാല്‍ 84-ാം മിനുട്ടില്‍ ബോര്‍ഡെക്സ് കോര്മേലിയസിലൂടെ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും 43 പോയിന്റുള്ള പി.എസ്.ജി പട്ടികയില്‍ ബഹുദൂരം മുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."