വിജയം കൊതിച്ച്
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: മഞ്ഞയില്‍ നിറഞ്ഞാടിയ ഗാലറിയെ നിരന്തരം നിരാശയിലാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ന് ഹോംഗ്രൗണ്ടില്‍ കളത്തിലിറങ്ങും.
വിജയം മോഹിച്ച് കാത്തിരുന്ന ആരാധകരെ നിരാശയിലാക്കിയ എട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരേ ഇന്ന് രാത്രി 7.30 ന് പോരിനിറങ്ങുന്നത്. ഈ സീസണില്‍ ഒന്‍പത് കളികള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിജയവും അഞ്ച് സമനിലയും മൂന്ന് പരാജയവുമടക്കം എട്ട് പോയിന്റുമായി ഏഴാമതാണ്.
ഒടുവില്‍ കളിച്ച നാലില്‍ മൂന്ന് പരാജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. പരാജയത്തില്‍ രണ്ടെണ്ണവും കൊച്ചിയിലായിരുന്നു. ബംഗളൂരുവിനെതിരേയും എഫ്.സി ഗോവക്കെതിരേയും. മറ്റൊന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയും. ഇന്ന് ജംഷഡ്പുരിനെതിരേയും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സെമി സ്വപ്നവും തുലാസിലാകും.
മറുവശത്ത് 10 കളികളില്‍ നിന്ന് 15 പോയിന്റുമായി നാലാം സ്ഥാനത്താണ് ജംഷഡ്പുര്‍ എഫ്.സി. മൂന്ന് ജയവും ആറ് സമനിലയും സ്വന്തമാക്കിയ അവര്‍ വഴങ്ങിയത് ഒരേയൊരു തോല്‍വി മാത്രമാണ്. എഫ്.സി പൂനെ സിറ്റിക്കെതിരെയായിരുന്നു തോല്‍വി. 10 കളികളില്‍ നിന്ന് 18 ഗോളുകളാണ് അവര്‍ അടിച്ചുകൂട്ടിയത്. 12 എണ്ണം വഴങ്ങുകയും ചെയ്തു.
ഇനിയുള്ള എല്ലാ കളികളും ജയിച്ചാലും സെമി പ്രവേശനം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ആദ്യ മത്സരത്തില്‍ എ.ടി.കെയെ കൊല്‍ക്കത്തയില്‍ ചെന്ന് തോല്‍പ്പിച്ച് മികച്ച തുടക്കം കിട്ടിയിട്ടും പിന്നീട് ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്തത് മഞ്ഞപ്പടയ്‌ക്കെതിരെയും മുഖ്യ പരിശീലകന്‍ ജെയിംസിനെതിരെയും തിരിയാന്‍ ആരാധകരെ പ്രേരിപ്പിച്ചിട്ടുണ്ട്. മുന്‍ സീസണുകളില്‍ ഗാലറി തിങ്ങിനിറയുന്ന ഫുട്‌ബോള്‍ പ്രേമികള്‍ ഐ.എസ്.എല്‍ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനെ എഴുതിത്തള്ളിയ നിലയിലാണ് കാണുന്നത്. കഴിഞ്ഞ മത്സരം ഞായറാഴ്ചയായിട്ടും ഗാലറി മഞ്ഞപ്പടയാല്‍ നിറഞ്ഞിരുന്നില്ല.
കാണികളുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എവേ മാച്ചുകളും സമനിലയില്‍ പിരിഞ്ഞതോടെ വലിയ പ്രതീക്ഷയില്ലാതെയാണ് ഇന്നും അവേശിക്കുന്നവര്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് വരുന്നത്. ഒരു വിന്നിങ് കോംപിനേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാവുന്നത്. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ കളിക്കാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. കോച്ചിന്റെ ഈ തന്ത്രങ്ങളൊന്നും മൈതാനത്ത് കളിക്കാര്‍ നടപ്പാക്കുന്നില്ല. ലോങ്പാസുകളുമായി കളിക്കളം പിടിച്ചടക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കളികളില്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് തടയിടാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞതോടെ ടീമിന്റെ താളംതെറ്റുന്നതാണ് കാണേണ്ടിവന്നത്. കഴിഞ്ഞ സീസണുകളില്‍ കരുത്തരെന്ന് പേരുകേട്ടവര്‍ക്ക് പ്രതിരോധത്തില്‍ തുടങ്ങുന്നു ഈ സീസണിലെ പാളിച്ചകള്‍. ജിങ്കനും പെസിച്ചും കാലിയും റാകിപും അടങ്ങുന്ന പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ എതിരാളികള്‍ക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടിവരുന്നില്ല. പ്രത്യേകിച്ചും കളിയുടെ അവസാന മിനുട്ടുകളില്‍. ജയം ഉറപ്പിച്ച പല മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് തോറ്റത് അവസാന മിനുട്ടുകളില്‍ കാണിച്ച അലസത കൊണ്ടാണ്. അതുപോലെയാണ് മധ്യനിരയുടെ അവസ്ഥ.
ഭാവനാപൂര്‍ണമായ നീക്കം തുടങ്ങേണ്ടത് മധ്യനിരയില്‍ നിന്നാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഇറങ്ങുന്ന ക്രമരാവിച്ചിന് പ്രതിരോധത്തെയും സഹായിക്കേണ്ടിവരുന്നതും കുഴപ്പത്തിലാക്കുന്നുണ്ട്. മൂന്ന് ഗോളുകള്‍ നേടിയ സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ഷ, ഇന്ത്യന്‍ താരം മൈക്കല്‍ സൂസൈരാജ് എന്നിവരാണ് ജംഷഡ്പുരിന്റെ ടോപ് സ്‌കോറര്‍മാര്‍. ആസ്‌ത്രേലിയയുടെ എക്കാലത്തെയും സൂപ്പര്‍താരമായ ടിം കാഹിലിന്റെ സാന്നിധ്യവും ജംഷഡ്പുരിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുരില്‍ ചെന്ന് കളിച്ചപ്പോള്‍ 2-2ന് സമനില പിടിക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു വിജയം തേടിയുള്ള നേരിയ പ്രതീക്ഷ ഇന്നത്തെകളിയിലും മഞ്ഞപ്പട വച്ചുപുലര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."