ഉദ്ധവ് മന്ത്രിസഭ അധികാരമേറ്റു
മുംബൈ: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുംബൈയിലെ ദാദര്‍ ശിവജി പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിനു കോണ്‍ഗ്രസ്, സേന, എന്‍.സി.പി പ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് മഹാരാഷ്ട്രയുടെ 18ാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രികൂടിയാണ് 59 കാരനായ ഉദ്ധവ്. ഉദ്ധവിനൊപ്പം സഖ്യത്തിലെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറാത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍.സി.പിയില്‍നിന്ന് ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബാല്‍ എന്നിവരും ശിവസേനയില്‍നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയിലെ വിമത നേതാവ് അജിത് പവാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷം രാത്രി എട്ടിന് ആദ്യ മന്ത്രിസഭായോഗവും ചേര്‍ന്നു.
ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അഭിഷേക് മനു സിങ്‌വി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എം.എന്‍.എസ് നേതാവ് രാജ്താക്കറെ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ധവിനെ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്‌ചെയ്തു. മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി ഉദ്ധവിന് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് മോദി പറഞ്ഞു. ചടങ്ങിന് ക്ഷണം ലഭിച്ചെങ്കിലംു പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ആശംസയടങ്ങുന്ന ഉപഹാരം പാര്‍ട്ടി നേതാക്കള്‍ ഉദ്ധവിനു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."