നിര്‍മാണത്തില്‍ അഴിമതി; അഞ്ച് പദ്ധതികള്‍ക്ക് കിഫ്ബിയുടെ സ്‌റ്റോപ്പ് മെമ്മോ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിര്‍മാണത്തില്‍ അഴിമതി മണത്ത കൊച്ചി കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെ അഞ്ചു പദ്ധതികളുടെ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി നിര്‍ദേശം നല്‍കി.
കിഫ്ബിയുടെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണത്തിലിരുന്ന ഭാഗം കഴിഞ്ഞ ദിവസം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കിഫ്ബി ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം പരിശോധന നടത്തിയിരുന്നു.
തകര്‍ന്നു വീണ കോണ്‍ക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിര്‍മാണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍മാണച്ചുമതലയുള്ള ഇന്‍കെലിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇടതുസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് അടുത്ത വര്‍ഷം ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച 1,073 കോടിയുടെ കൊച്ചി കാന്‍സര്‍ സെന്റര്‍.
പദ്ധതിയുടെ ആദ്യഘട്ടമായ കെട്ടിട നിര്‍മാണവും വൈദ്യുതീകരണവും കരാറേറ്റെടുത്തത് തമിഴ്‌നാട് നിന്നുള്ള കമ്പനിയാണ്. ഓഗസ്റ്റില്‍ തീര്‍ക്കേണ്ടിയിരുന്ന പണിയുടെ കാല്‍ ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇതിനിടയിലാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിര്‍ത്തിവയ്ക്കുന്നത്.
ഇത് കൂടാതെ 62.5 കോടിയുടെ കല്‍പ്പറ്റ-വരമ്പറ്റ റോഡ്, 20 കോടിയുടെ പാലക്കാട് ജില്ലയിലെ എം.ഇ.എസ് - പയ്യനാട് റോഡ്, 11 കോടിയുടെ അടൂര്‍ ടൗണ്‍ പാല, അയ്യര്‍മുക്ക് ഭരതന്നൂര്‍ പൈപ്പിടല്‍ പദ്ധതികള്‍ക്കും സ്റ്റോപ് മെമ്മോ നല്‍കി.
നേരത്തെ ഗുണനിലവാരമില്ലാത്തതും സമയക്രമം പാലിക്കാത്തതുമായ 12 പദ്ധതികള്‍ക്ക് കിഫ്ബി സ്റ്റോപ് മെമ്മോ നല്‍കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."