രാജപക്‌സെയുടെ അധികാരം 'പോയി'
കൊളംബോ: ശ്രീലങ്കയില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ മഹിന്ദ രാജപക്‌സെയ്ക്കു കോടതിയുടെ തിരിച്ചടി. പ്രധാനമന്ത്രിയെന്ന നിലയിലുള്ള രാജപക്‌സെയുടെ അധികാരങ്ങള്‍ കോടതി താല്‍ക്കാലികമായി റദ്ദാക്കി. നിയമസാധുത തെളിയിക്കുന്നതുവരെ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നു കോടതി ഉത്തരവിട്ടു.
കേസിലെ വിചാരണ 12ലേക്ക് മാറ്റി. രാജപക്‌സെയും അദ്ദേഹത്തിന്റെ മന്ത്രിസഭയും അധികാരത്തില്‍ തുടരുന്നതു ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ജഡ്ജി പ്രീതിപദ്മന്‍ സുരസേന പറഞ്ഞു. രാജപക്‌സെയുടെ വിവാദ സര്‍ക്കാരിനെതിരേ 122 പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.
കോടതി വിധി സംബന്ധിച്ചു പ്രതികരിക്കാന്‍ രാജപക്‌സെ തയാറായില്ല. അതേസമയം, വ്യക്തികളുടെ വ്യാമോഹങ്ങള്‍ക്കപ്പുറത്തു ജനാധിപത്യത്തിന്റെ വിജയമാണിതെന്നു റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.
നീതി വിജയിച്ചെന്നു വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) നേതാവ് സഗാത രത്‌നായക പറഞ്ഞു. വ്യാജ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ തെറ്റായ സര്‍ക്കാരിനെയും ജുഡിഷ്യറി പുറത്താക്കി. അനധികൃതമായ സര്‍ക്കാരില്‍നിന്നു പാര്‍ലമെന്റ് ജനാധിപത്യത്തെയാണ് കോടതി സംരക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയില്‍ ഒക്ടോബര്‍ 26ന് ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയുണ്ടായ ഈ കോടതി വിധി പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും രാജപക്‌സെയ്ക്കും വന്‍ തിരിച്ചടിയാണ്.
രാജപക്‌സെ സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ നടന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളും പാസായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനമൊഴിയാന്‍ അദ്ദേഹം തയാറായിരുന്നില്ല.
പ്രധാനമന്ത്രി സ്ഥാനത്തുനിന്നു വിക്രമസിംഗെയെ നീക്കി രാജപക്‌സെയെ അവരോധിച്ചതോടെയാണ് ശ്രീലങ്കയില്‍ പ്രതിസന്ധികള്‍ ആരംഭിച്ചിരുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടുള്ള പ്രസിഡന്റ് സിരിസേനയുടെ ഉത്തരവ് നേരത്തെ ശ്രീലങ്കന്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."