സൗരോര്‍ജ പ്ലാന്റുകള്‍: ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി എന്നീ സ്ഥാപനങ്ങളുമായി അനെര്‍ട്ട് ധാരണാപത്രം ഒപ്പിട്ടു. ധാരണ പ്രകാരം വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും തരിശുഭൂമിയിലും 13.5 മെഗാ വാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ അനെര്‍ട്ട് സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റി എം.ഡി ഡോ. എ. കൗശികനും അനെര്‍ട്ട് ഡയരക്ടര്‍ അമിത് മീണയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ആദ്യഘട്ടമായി പാലക്കാട് മൂങ്ങില്‍മടയിലെ 36 ഏക്കറിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുക.
കാറ്റാടിപ്പാടങ്ങളില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വിന്‍ഡ് എനര്‍ജി മാപ്പ് തയാറാക്കുന്നതിനാണ് കേന്ദ്ര നവീന ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള ഗവേഷണസ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിയുമായി ധാരണാപത്രം ഒപ്പിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഡി. ലക്ഷ്മണനും അമിത് മീണയുമാണ് ഒപ്പിട്ടത്.
ഊര്‍ജകേരള മിഷന്റെ ഭാഗമായി 2021ല്‍ 1000 മെഗാവാട്ട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം 300 മെഗാവാട്ട് സൗരോര്‍ജത്തില്‍ നിന്നും 100 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളില്‍ നിന്നും ഊര്‍ജ ഉല്‍പാദനത്തിനാണ് അനെര്‍ട്ട് ശ്രമിക്കുന്നത്.
സൗരോര്‍ജ രംഗത്തെ വിവിധ സ്ഥാപന പ്രതിനിധികളും വിദഗ്ധരും പങ്കെടുത്ത ശില്‍പ്പശാലയും ഇതോടനുബന്ധിച്ച് നടന്നു.
സൗരോര്‍ജ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഊര്‍ജരംഗത്ത് മുന്നോട്ടുപോകുമെന്ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എം.എം മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."