ആള്‍ക്കൂട്ട ആക്രമണം; ബോധവല്‍ക്കരണ വിഡിയോയുമായി വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: രാജ്യത്തു സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ വിഡിയോയുമായി വാട്‌സ്ആപ്പ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ കമ്പനിക്കു സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങള്‍ നല്‍കിയതിനു പിന്നാലെ ആദ്യമായി ടെലിവിഷനിലും പരസ്യങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഒന്‍പതു ഭാഷകളില്‍ ചാനലുകള്‍ക്കു പുറമേ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയും വിഡിയോകള്‍ പ്രചരിപ്പിക്കും. സിനിമാ സംവിധായകനായ ശിര്‍ഷ ഗുഹ തകുര്‍ത്തയാണ് പ്രചാരണ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കു മുന്നോടിയായാണ് ബോധവല്‍ക്കരണമെന്നു വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു.
60 സെക്കന്‍ഡ് വീതമുള്ള മൂന്നു വിഡിയോ പരസ്യങ്ങളാണ് വാട്‌സ്ആപ്പ് ചാനലുകള്‍ വഴി പുറത്തുവിടുന്നത്.
രാജസ്ഥാന്‍, തെലങ്കാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ മുതല്‍ ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 46 റേഡിയോ സ്റ്റേഷനുകള്‍ വഴി ഓഗസ്റ്റ് 29നാണ് ബോധവല്‍ക്കരണം തുടങ്ങിയത്. രണ്ടാം ഘട്ടമായി സെപ്റ്റംബര്‍ മുതല്‍ മറ്റു സംസ്ഥാനങ്ങളിലെ 83 റേഡിയോ സ്റ്റേഷനുകള്‍ വഴിയും പ്രചാരണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."