നിയമനിര്‍മാണക്കാര്‍ക്ക് നിയമക്കുരുക്ക്
എന്‍. അബു#
അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഛത്തിസ്ഗഡിലും തെലങ്കാനയിലും മിസോറമിലും ആരു ഭരിക്കണമെന്ന തീരുമാനം ഡിസംബര്‍ 11 നു നടക്കുന്ന ഫലപ്രഖ്യാപനത്തോടെ അറിയും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണ് ഈ തെരഞ്ഞെടുപ്പുകളെന്നു രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പുഫലം രാജ്യം മുഴുവന്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്.
വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ ബി.ജെ.പി രണ്ടു തവണയായി ഭരിക്കുന്ന രാജസ്ഥാനില്‍ നേരത്തെ രണ്ടു ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിലും ബി.ജെ.പിക്കു പരാജയമായിരുന്നു. രണ്ടു നിയമസഭാ സീറ്റും അവര്‍ക്കു നഷ്ടപ്പെട്ടു. അതിനാല്‍ ബി.ജെ.പി ഇത്തവണ അധികാരത്തില്‍ നിന്നു പുറന്തള്ളപ്പെടുമെന്നാണ് അഭിപ്രായവോട്ടു ഫലം.
മധ്യപ്രദേശില്‍ ബി.ജെ.പി ശിവരാജ്‌സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മൂന്നാംതവണയും ഭരണം കൊതിച്ചിറങ്ങിയിരിക്കുകയാണ്. അവിടെയും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയം കോണ്‍ഗ്രസിനായിരുന്നു.
എന്നാല്‍, മുന്‍മുഖ്യമന്ത്രി അജിത്‌ജോഗിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിമതര്‍ വേറിട്ടു മത്സരിക്കുന്ന ഛത്തിസ്ഗഡില്‍ ബി.ജെ.പിക്കൊരു പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസിലെ പടലപ്പിണക്കം മുതലെടുത്ത് ഒരിക്കല്‍ക്കൂടി ഭരണത്തിലേറാന്‍ കഴിയുമോയെന്ന തീവ്രപരീക്ഷണത്തിലാണു മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി.
കഴിഞ്ഞതവണ മിസോറമില്‍ 40 ല്‍ 34 സീറ്റും ജയിച്ച് അധികാരമേറിയ കോണ്‍ഗ്രസ് ഇത്തവണയും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. തെലങ്കാനയിലാകട്ടെ ബി.ജെ.പി സഖ്യം പൊളിച്ചുവന്ന ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ വരച്ച വരയില്‍ നിര്‍ത്താന്‍ കോപ്പുകൂട്ടുകയാണ് കോണ്‍ഗ്രസ്.
സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയോ കടാശ്വാസമോ ജി.എസ്.ടിയോ പട്ടിണിമരണങ്ങളോ റാഫേല്‍ ഇടപാടോ ഒന്നും തന്നെ വിഷയമാക്കാതെ ഗോവധ നിരോധനവും രാമക്ഷേത്ര നിര്‍മാണവുമൊക്കെ മുന്നിലിട്ടാണ് ബി.ജെ.പി ഈ സംസ്ഥാനങ്ങളിലൊക്കെയും ചീട്ടുനിരത്തുന്നത്. പതിവുപോലെ കൂറുമാറ്റങ്ങളും അതോടനുബന്ധിച്ച പണമിടപാടുകളും കാര്യമായിത്തന്നെ നടക്കുന്നു.
ഈ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചേക്കാമെന്ന നിലയിലാണു പലരും ഇതിനെ സെമിഫൈനലായി കാണുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം നടന്ന 20 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പതിനാറിലും ബി.ജെ.പിക്കു പരാജയമായിരുന്നുവെന്നതു കോണ്‍ഗ്രസ് അണികളെ ആവേശം കൊള്ളിക്കുന്ന വസ്തുതയാണ്.
2014 ല്‍ ഈ അഞ്ചു സംസ്ഥാനങ്ങളിലെ മൊത്തം 83 സീറ്റുകളില്‍ 63 എണ്ണവും സംഘ്പരിവാര്‍ കൈവശപ്പെടുത്തിയതാണ്. അതു നിലനിര്‍ത്തേണ്ടത് കേന്ദ്രത്തില്‍ ശക്തി കാണിക്കാന്‍ അവര്‍ക്ക് അത്യാവശ്യവുമാണ്. എന്നാല്‍, രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികവു കാട്ടിയ കര്‍ണാടകയില്‍പ്പോലും പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചുവെന്നതു നാം കണ്ടതല്ലേ. അധികാരമോഹികളെയും കൂറുമാറ്റക്കാരെയും അണിനിരത്തി ജയിച്ചു കയറാന്‍ ഇരുവിഭാഗക്കാരും അജന്‍ഡ തയാറാക്കിയത് ഇവിടെയാണ്.
പ്രശ്‌നം അതല്ല, ഒരാഴ്ച കഴിഞ്ഞു തെരഞ്ഞെടുപ്പു ഫലം വരുമെന്നുറപ്പ്. അതില്‍ വിജയശ്രീലാളിതരാകുന്നവര്‍ക്കൊക്കെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭാഗ്യം സിദ്ധിക്കുമോ എന്നതാണു ചോദ്യം. സത്യവാചകം ചൊല്ലി നിയമസഭയില്‍ കയറാനായെന്നു വയ്ക്കുക, എന്നാലും, അവര്‍ക്ക് എം.എല്‍.എമാരായി തുടരാനൊക്കുമോ!
ക്രിമിനല്‍കേസ് പ്രതികളെ സ്ഥാനാര്‍ഥികളാക്കരുതെന്നു തെരഞ്ഞെടുപ്പ് ചട്ടത്തിലുള്ളതാണ്. എന്നാല്‍, വിജയസാധ്യത മാത്രം നോക്കുന്ന രാഷ്ട്രീയകക്ഷികള്‍ പത്രികാസമര്‍പ്പണവേളയില്‍ അതൊക്കെ മറച്ചുവയ്ക്കുന്നു. ഇത്തരം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഉടന്‍വിചാരണ നടത്താനായി സുപ്രിംകോടതി 12 പ്രത്യേക കോടതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കോടതികളാരംഭിക്കാത്ത സംസ്ഥാനങ്ങളോടു വിശദീകരണം ചോദിച്ചിട്ടുമുണ്ട്.
കൊള്ള, കൊല, മാനഭംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിരോധനമുണ്ട്. മറ്റു കുറ്റങ്ങളുടെ കാര്യത്തില്‍ സുപ്രിംകോടതിയല്ല, പാര്‍ലമെന്റ് തന്നെയാണു നിയമനിര്‍മാണം നടത്തുന്നതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ 77 എം.എല്‍.എമാര്‍ക്കെതിരേ ക്രിമിനല്‍കേസുണ്ടെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ നാലു പേര്‍ക്കെതിരേ കൊലക്കുറ്റത്തിനാണു കേസ്. ഇത്തവണയാകട്ടെ മധ്യപ്രദേശില്‍ 17 ശതമാനം സ്ഥാനാര്‍ഥികളുടെ പേരിലും ക്രിമിനല്‍ കേസുണ്ടെന്ന് അവര്‍ നല്‍കിയ സത്യവാങ്മൂലം ആധാരമാക്കി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന വെളിപ്പെടുത്തുകയുണ്ടായി.
ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ ജനവിധി തേടിയവരുടെ കഥകള്‍ വരാനിരിക്കുന്നേയുള്ളൂ. പണാധിപത്യത്തിനു മേല്‍ ജനാധിപത്യം തകര്‍ന്നുകൂടാ എന്ന ഉറപ്പു ലഭിക്കണമെങ്കില്‍ കോടതികളുടെ ശക്തമായ ഇടപാട് അടിയന്തരമായി വേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."