തൊഴില്‍ പ്രശ്‌നത്തില്‍ സഊദി രാജാവ് ഇടപെട്ടു: 1700 കോടി രൂപ നീക്കിവയ്ക്കാന്‍ ഉത്തരവ്
റിയാദ് :രാജ്യത്തെ വന്‍കിട തൊഴില്‍ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ട സഊദി രാജാവ് വിഷയത്തില്‍ നേരിട്ടിടപെടുന്നു.
വിഷയം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായ അവസരത്തില്‍ തൊഴില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ഇതിനായി പ്രത്യക ഫണ്ടും നീക്കിവയ്ക്കാന്‍ രാജ കല്‍പന ഇറക്കിയിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ സാമൂഹിക , തൊഴില്‍ മന്ത്രാലയത്തോട് രാജാവ് നിര്‍ദേശം നല്‍കി.
ഗവണ്മെന്റ് വേജ് പ്രൊട്ടക്ഷന്‍ പദ്ധതി പ്രകാരം കമ്പനികള്‍ സ്വന്തം തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളം കൃത്യമായി നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തണം. തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അവരുടെ മറ്റു സേവനങ്ങള്‍ താല്‍കാലികമായി തടഞ്ഞുവച്ച് വേതനം നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടും.
ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആവശ്യമായ പാര്‍പ്പിട ഭക്ഷണ സൗകര്യവും നാട്ടില്‍ പോകേണ്ടവര്‍ക്ക് അതിനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ സല്‍മാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശത്തിലുണ്ട്. ഇതിനായി തൊഴില്‍ മന്ത്രിയെ രാജാവ് ചുമതലപ്പെടുത്തി.
ഇന്ത്യന്‍ ഗവണ്‍മെന്റും ഫിലിപ്പൈന്‍ ഗവണ്‍മെന്റും തങ്ങളുടെ പൗരന്മാര്‍ക്ക് ഭക്ഷണ സൗകര്യം ചെയ്തു കൊടുത്തെങ്കിലും അതെ കമ്പനികളില്‍ തൊഴിലെടുക്കുന്ന മറ്റു രാജ്യക്കാര്‍ക്ക് സമാനമായ സംവിധാനം ലഭിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്ന് രാജാവിന്റെ നിര്‍ദേശത്തിലുണ്ട്. സഊദി ഗവണ്‍മെന്റ് ഇതിനായി ചെലവഴിക്കുന്ന പണം അതാതു കമ്പനികളുടെ അക്കൌണ്ടില്‍നിന്നോ അല്ലെങ്കില്‍ അവരുടെ മറ്റു വല്ല സ്രോതസ്സുകളില്‍ നിന്നോ ഈടാക്കും.
തിരിച്ചു പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് സംവിധാനമേര്‍പ്പെടുതാന്‍ സഊദി എയര്‍ ലൈന്‍സ് വിമാന തായാറാക്കുന്നതിനായി മുന്‍കയ്യെടുക്കാനും തൊഴില്‍ മന്ത്രിയോട് രാജാവ് നിര്‍ദ്ദേശിച്ചു.
ഇത്തരത്തിലുള്ള വിദേശികള്‍ക്ക് ആവശ്യമായ പേപ്പറുകള്‍ ശരിയാക്കുന്നതിനു വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനു പാസ്‌പോര്‍ട്ട് വിഭാഗത്തിനും നിര്‍ദേശം നല്‍കി.
ഇതിന്റെ ചിലവുകളും മറ്റും പിന്നീട് കമ്പനികളില്‍ നിന്നും ഈടാക്കും. ഇതിനായി ലീഗല്‍ കണ്‍സള്‍ട്ടന്‍സിയമായി ബന്ധപ്പെടാനും രാജാവ് ആവശ്യപ്പെട്ടു.. ശമ്പള കുടിശ്ശിക പ്രശ്‌നവുമായി നേരിടുന്ന വിദേശ തൊഴിലാളികളുടെ രാജ്യത്തെ പ്രതിനിധികളുമായി ബന്ധപ്പെട്ടു സഊദി ഭരണ കൂടം സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുവാന്‍ തൊഴില്‍ മന്ത്രിയെ രാജാവ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാജാവിന്റെ കടുത്ത നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി 100 മില്ല്യന്‍ സഊദി റിയാല്‍സഊദി അറബ് ഫണ്ടില്‍ നിക്ഷേപിക്കും. വിശദ വിവരങ്ങള്‍ നല്‍കുന്ന തൊഴില്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരിക്കും ധനകാരി മന്ത്രാലയം ഇത് വിനിയോഗിക്കുക . ധനകാര്യ മന്ത്രാലയം പിന്നീട് ഇത് കമ്പനി ആസ്തികളില്‍നിന്നു തിരിച്ചു പിടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."