സ്വതന്ത്ര ഹോങ്കോങിനെ അനുകൂലിക്കുന്ന നിയമത്തില്‍ ട്രംപ് ഒപ്പുവച്ചു
വാഷിങ്ടണ്‍: ചൈനയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച്, ഹോങ്കോങ് സ്വാതന്ത്ര്യാനുകൂല പ്രക്ഷോഭകരെ അനുകൂലിക്കുന്ന നിയമത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഹോങ്കോങിന് പ്രത്യേക വ്യാപാര പദവി നല്‍കുന്ന നിയമത്തിലാണ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്. ബില്ലിന് സെനറ്റും ഉപരിസഭയും നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഹോങ്കോങില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ചൈനയ്ക്കു നേരെ ഉപരോധനം ഏര്‍പ്പെടുത്തുന്നതും ട്രംപ് ഒപ്പിട്ട ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് ഡമോക്രസി ആക്ട് എന്ന ബില്ലിന്റെ പരിഗണനയിലുണ്ട്. നിയമം വര്‍ഷത്തിലൊരിക്കല്‍ വിദേശകാര്യ വകുപ്പ് പുനപ്പരിശോധന നടത്തും.
യു.എസിന്റെ നീക്കത്തിനെതിരേ ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. യു.എസിന്റെ സ്വേച്ഛാധിപത്യ നടപടികള്‍തുടരുകയാണെങ്കില്‍ തങ്ങള്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ അനന്തര ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലീ യുചെങ് പറഞ്ഞു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഉടപെടുന്നത് യു.എസ് ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസിന്റെ നിയമം സിറ്റിയുടെ ആഭ്യന്തര കാര്യങ്ങിലുള്ള ഇടപെടലാണെന്ന് ചൈനീസ് പിന്തുണയുള്ള ഹോങ്കോങ് സര്‍ക്കാരും പ്രതികരിച്ചു.
വസ്തുതകളെ അവഗണിക്കുന്നതും സത്യത്തെ കുഴിച്ചുമൂടുന്നതുമാണ് യു.എസ് നടപടിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രക്ഷോഭകരുടെ അക്രമത്തെ ന്യായീകരിക്കുന്നതാണ് യു.എസ് നടപടിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് വിദേശ കാര്യമന്ത്രാലയം യു.എസ് അംബാസിഡര്‍ക്ക് സമന്‍സ് അയച്ചു.
ഹോങ്കോങിലെ ചൈനീസ് നടപടികളെ നിരീക്ഷിക്കാന്‍ യു.എസിന് അനുവാദം നല്‍കുന്നതാണ് യു.എസ് പാസാക്കിയ പുതിയ നിയമം. ഇതുപ്രകാരം ചൈനയ്ക്കുമേല്‍ യു.എസ് ഏര്‍പ്പെടുത്തുന്ന ഉപരോധം ഹോങ്കോങിനെ ബാധിക്കില്ല.
അക്രമരഹിത സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലാകുന്ന ഹോങ്കോങ് നിവാസികള്‍ക്ക് യു.എസ് വിസ നേടാനും ബില്‍ അനുവദിക്കും. യു.എസ്-ചൈനാ വ്യാപാര യുദ്ധ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്നതാണ് യു.എസിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."