ജൈവവൈവിധ്യ ഉദ്യാനം വിദ്യാര്‍ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്തും: റോഷി അഗസ്റ്റിന്‍
അറക്കുളം: വിദ്യാര്‍ഥികളില്‍ കാര്‍ഷിക മേഖലയോടുള്ള അഭിരുചി വളര്‍ത്തുന്നതിനും ജൈവ പഴം-പച്ചക്കറി-ഔഷധ സസ്യ പരിപാലനം ശീലമാക്കുന്നതിനും സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജൈവ വൈവിധ്യ ഉദ്യാന പദ്ധതി ഏറെ സഹായകരമാകുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. അറക്കുളം സെന്റ് ജോര്‍ജ് യു.പി സ്‌കൂളില്‍ ആരംഭിക്കുന്ന ഉദ്യാനപദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലമറ്റമുള്‍പ്പെടെ ഏഴ് പ്രൈമറി സ്‌കൂളുകളിലാണ് ഇടുക്കി നിയോജക മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. 25,000 രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുള്ളത്. ജൈവ പഴം- പച്ചക്കറികള്‍, വിവിധയിനം ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഉദ്യാനത്തിന് നിലമൊരുക്കുന്നതിനായി 3000 രൂപയും വിത്തുകളും സസ്യങ്ങളും ശേഖരിക്കുന്നതിനും നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 15000 രൂപയും ഹരിത സമിതി രൂപീകരണം ജൈവവൈവിധ്യ ഉദ്യാനങ്ങളുടെ പ്രസക്തിയും ഉപയോഗവും സംബന്ധിച്ച സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന് 5000 രൂപ, വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് 2000 രൂപ എന്നിങ്ങനെയാണ് ധനവിനിയോഗത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍.
പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹായവും പദ്ധതിക്ക് ലഭ്യമാക്കും. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുകൂടി സഹായം ലഭ്യമാക്കി കൂടുതല്‍ വിദ്യാലയങ്ങളില്‍ പദ്ധതി വ്യാപകമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് മണ്ഡപത്തില്‍, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേല്‍ , സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സിയമ്മ ജോസഫ്, പദ്ധതി കോര്‍ഡിനേറ്റര്‍ തോമസ് അഴകുംപറമ്പില്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ സി. തെരേസ്, പി.ടി.എ പ്രസിഡന്റ് ജോയി കിഴക്കേല്‍ , റോയി ജെ. കല്ലറങ്ങാട്ടില്‍, ഷാന്റി സെബാസ്റ്റ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."