ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു
പള്ളിക്കല്‍(മലപ്പുറം): ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഒമാനിലെ സലാലയില്‍ സന്ദര്‍ശനത്തിനെത്തിയ നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം തിരൂരങ്ങാടി കരിമ്പില്‍ ഇല്ലിക്കല്‍ താമസിക്കുന്ന ഡോ. അഷറഫ് ഹാജി (52), പള്ളിക്കല്‍ പരുത്തിക്കോട് കുണ്ടില്‍ ആലിയുടെ മകന്‍ അസൈനാര്‍ (45), പള്ളിക്കല്‍ കാരപ്പറമ്പ് പരേതനായ പീലിപ്പുറത്ത് ഏനിക്കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍ സലാം (39) എന്നിവരാണ് മരിച്ചത്. പള്ളിക്കല്‍ ചേടക്കുത്ത് മൊയ്തീന്റെ മകന്‍ ഉമ്മര്‍കോയ ഹാജി (43) പരുക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സലാലയില്‍നിന്ന് 60 കി.മീറ്റര്‍ അകലെ മീര്‍ബാദിനടുത്തുവച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് റോഡില്‍ മറിയുകയും ഉടന്‍ കത്തുകയുമായിരുന്നു.
ഡോ. അഷ്‌റഫ് ഹാജി കരുമ്പില്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ കമ്മിറ്റി അംഗമാണ്. മാതാവ്: ഫാത്തിമ. ഭാര്യ: സുലൈഖ. മക്കള്‍: ഡോ. സിംസാറുല്‍ ഹഖ്, താഹിറുല്‍ അമീന്‍ (മര്‍കസ് മുതവല്‍ വിദ്യാര്‍ഥി). ബല്‍ക്കീസുല്‍ ഹുദാ. ഫ്രൂട്ട് കച്ചവടക്കരനാണ് അസൈനാര്‍. മാതാവ്: ആയമ്മ. ഭാര്യ: അസ്‌റാബി. മക്കള്‍: മുഹമ്മദ് റഫീഖ് (വിദ്യാര്‍ഥി- ജാമിഅ ദാറുസ്സലാം, നന്തി), സിറാജുദ്ദീന്‍ (വിദ്യാര്‍ഥി- ജാമിഅ മാഹിരിയ്യ, രാമനാട്ടുകര). വര്‍ഷങ്ങളായി സലാലയിലെ മര്‍ബാദില്‍ കഫ്ത്തീരിയ നടത്തിവരികയായിരുന്നു അബ്ദുസലാം. മാതാവ് : കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: ബല്‍ക്കീസ്, മക്കള്‍: ശ്യാമില്‍, ശ്യാമിദ് (ഒന്നര മാസം).
മയ്യിത്ത് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍. ഖബറടക്കം ഒമാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."