മുംബൈ സിറ്റി ഇനി മാഞ്ചസ്റ്റര്‍ സിറ്റിക്ക് കീഴില്‍
മുംബൈ: 250 കോടിയോളം രൂപ മുടക്കി മുംബൈ സിറ്റി എഫ്.സിയെ സ്വന്തമാക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. മുംബൈ സിറ്റിയുടെ 65 ശതമാനം ഓഹരികളും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നിലവില്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് (സി.എഫ്.ജി) കീഴിലാണ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി നിലകൊള്ളുന്നത്. ഇതോടെ സി.എഫ്.ജി ഗ്രൂപ്പിന്റെ കുടക്കീഴില്‍ വരുന്ന എട്ടാമത്തെ ക്ലാബായിരിക്കും മുംബൈ സിറ്റി എഫ്‌സി. ന്യൂയോര്‍ക്ക് സിറ്റി എഫ്.സി (അമേരിക്ക), മെല്‍ബണ്‍ സിറ്റി എഫ്.സി (ആസ്‌ത്രേലിയ), യോക്കോഹാമ എഫ് മറീനോസ് (ജപ്പാന്‍), ഗിറോണ എഫ്.സി (സ്‌പെയിന്‍), ക്ലബ് അത്‌ലറ്റികോ ടോര്‍ഖ് (ഉറുഗ്വെ), സിച്ചുവന്‍ ജിയുനിയ (ചൈന), മാഞ്ചസ്റ്റര്‍ സിറ്റി (ഇഗ്ല@ണ്ട്) എന്നീ ക്ലബുകളാണ് സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളത്. അബൂദബി രാജകുടുംബാംഗവും യു.എ.ഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് സി.എഫ്.ജിയില്‍ ഭൂരിഭാഗം ഓഹരിയുമുള്ളത്. നിലവില്‍ ബോളിവുഡ് താരം റണ്‍ബീര്‍ കപൂറാണ് മുംബൈ സിറ്റി എഫ്.സിയുടെ സഹഉടമ.
നീക്കം വിജയകരമായാല്‍ മുംബൈ സിറ്റി എഫ്.സിയെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്നാണ് പൊതുവിലയിരുത്തല്‍. മുംബൈ കേന്ദ്രീകൃതമായ ഗ്രാസ് റൂട്ട് പരിശീലന പരിപാടികള്‍ക്കും സൗകര്യങ്ങള്‍ക്കും മാറ്റമുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."