ദേശീയപാതയില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള നീക്കം നിലച്ചു
അടിമാലി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നീക്കം പാതിവഴിയില്‍ നിലച്ചു. ദേശീയപാതയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് പൊലിസ് വകുപ്പ് ഒരു വര്‍ഷം മുന്‍പാണ് തുടക്കമിട്ടത്.
എറെ പ്രമാദമായ അടിമാലി രാജധാനി ലോഡ്ജ് കൂട്ടകൊല കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് ദേശീയപാതയിലെ നിരീക്ഷണ ക്യാമറയുടെ അഭാവം രക്ഷപ്പെടുന്നതിന് അവസരമാകുകയും ചില കേസുകള്‍ തെളിയിക്കപ്പെടുവാന്‍ കാലതാമസം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് കാമറ സ്ഥാപിക്കുകയെന്ന ആശയം പൊലിസ് മുന്നോട്ട് വച്ചത്.
നേര്യമംഗലം പാലം മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്.തുടക്കത്തില്‍ നൂറോളം കാമറകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള മേഖല പൊലിസിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം.
പ്രാഥമിക പഠനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി തത്വത്തില്‍ പദ്ധതി നടപ്പാക്കുവാന്‍ വകുപ്പുതലത്തില്‍ നടപടിയാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുവാനുള്ള പ്രാഥമിക ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നു. ഇതിന്റെ ഭാഗമായി കെല്‍ട്രോണിന്റെ സഹകരണത്തോടെ വിനോദസഞ്ചാരികളുടെ സുരക്ഷ ലക്ഷ്യമിട്ട് മൂന്നാര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു.
ഇതേ സംവിധാനം തന്നെ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയ പാതയുടെ ഭാഗങ്ങളില്‍ സ്ഥാപിച്ച് നടപ്പാക്കാനായിരുന്നു പൊലിസ് നീക്കം. ഇതിനായി മൂന്നാര്‍ ഡി.വൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ അടിമാലി സി. ഐ.യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പഠനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അടിമാലി ടൗണിലും നേര്യമംഗലത്തിനും വാളറക്കുമിടയിലുള്ള വനമേഖലകള്‍, പ്രധാന വളവുകള്‍ എന്നിവിടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാനും ഇതുമായി ബന്ധപ്പെട്ടു പരിശോധന നടത്തിയ സംഘം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കം നിലച്ച മട്ടാണ്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയില്‍ അപകട സാധ്യത ഏറെയുള്ളതാണ് നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശം.
ഇവിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ തന്നെ പുറം ലോകം അറിയുവാനുള്ള താമസവും എറെയാണ്. ഇതോടൊപ്പം സംസ്ഥാനത്തിന് പുറത്തു നിന്നും ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ കുറ്റകൃത്യത്തിനായി കൊച്ചി ധനുഷ്‌കോടി ദേശീയപാത തിരഞ്ഞെടുക്കുന്നതായി അടുത്തിടെ പൊലിസ് രഹസ്യാന്വോഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."