ഇതര സംസ്ഥാനക്കാരായ കുട്ടിയെയും മാതാവിനെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നാട്ടിലെത്തിക്കും
കുന്ദമംഗലം: പന്തീര്‍പാടത്ത് മൂന്നു വയസുകാരനെ മാതാവ് നോക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുട്ടിയേയും മാതാവ് ആസാം സ്വദേശി ഉത്തമിന്റെ ഭാര്യ മെറോമിയെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ഏറ്റെടുത്തു. ഇവര്‍ പന്തീര്‍പാടം അക്ഷയ സെന്ററിന് മുകളില്‍ താമസിച്ചു വരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരും പൊലിസും ചേര്‍ന്ന് യുവതിയും ഭര്‍ത്താവും മകനും താമസിക്കുന്ന കെട്ടിടത്തിലെത്തി പരിശോധന നടത്തി. ഭര്‍ത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുകയാണെന്നും രണ്ടുവര്‍ഷമായി നാട്ടില്‍ പോലും പോകാന്‍ അനുവദിക്കാതെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണെന്നും ഇവിടെ നിന്ന് രക്ഷിച്ച് നാട്ടില്‍ എത്തിക്കണമെന്നും യുവതി പൊലിസിനോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പൊലിസ് ഇവരെ സ്റ്റേഷനില്‍ എത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിനൊപ്പം പറഞ്ഞയക്കുകയായിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരായ പാര്‍വതി ഭായ്, അശ്വതി, സിംസാലസ് എന്നിവരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."