കേന്ദ്ര-സംസ്ഥാന ഫണ്ടുകളില്ല, ശ്രീചിത്രയില്‍ സൗജന്യ ചികിത്സയുടെ വാതിലടക്കുന്നു, ഞായറാഴ്ച മുതല്‍ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സക്ക് കടുത്ത നിയന്ത്രണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിരുന്ന സാമ്പത്തിക സഹായം ലഭിക്കാത്തതുകൊണ്ടാണ് ചികിത്സാ സഹായം നിര്‍ത്തലാക്കുന്നതെന്നാണ് വിശദീകരണം. ഇതുവരേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വരുമാനത്തില്‍ നിന്നാണ് സൗജന്യ ചികിത്സ നല്‍കിയിരുന്നതെന്നും ഇനിയും അതു തുടരാനാകില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നത്.
ബി.പി.എല്ലിന്റെ പേരില്‍ അനര്‍ഹക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ മാനദണ്ഡങ്ങളെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച മുതലാണ് ഇവിടെ കര്‍ശന ഉപാധികളോടെ മാത്രം സൗജന്യ ചികിത്സ ലഭ്യമാകുക. ഇത് പാവപ്പെട്ട രോഗികളുടെയും കുടുംബത്തിന്റെയും പള്ളക്കടിക്കുന്ന നിലപാടാണെന്നാണ് ഉയരുന്ന ആക്ഷേപം. ദാരിദ്ര രേഖക്ക് താഴെയുള്ളവരില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായിരുന്ന ചികിത്സയാണ് ഇനി കിട്ടാക്കനിയാകുന്നത്.
പുതിയ ഉത്തരവ് പ്രകാരം ബി.പി.എല്‍ വിഭാഗക്കാരെ എ.ബി എന്നീ രണ്ട് വിഭാഗങ്ങളായി തരം തിരിക്കുന്നു. സ്ഥിരംവരുമാനം ഇല്ലാത്തവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും, കുടുംബത്തില്‍ മാറാരോഗികള്‍ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ ലഭിക്കൂ എന്നതാണ് പുതിയ വ്യവസ്ഥ.
വീട്ടില്‍ വിധവകളുണ്ടെങ്കില്‍ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നതിന്റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരെയാണ് എ വിഭാഗത്തില്‍ പെടുത്തിയത്. ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തില്‍. അവര്‍ക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."