ഐ.ഐ.എമ്മില്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി
കുന്ദമംഗലം: ഐ.ഐ.എമ്മല്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി മാട്ടുമ്മല്‍ നിവാസികളുടെ കുടിവെള്ളം മലിനമായി. കഴിഞ്ഞ ദിവസമാണ് ഐ.ഐ.എമ്മില്‍ നിന്ന് ശുചീകരണ പ്ലാന്റിലേക്ക് പോകുന്ന മാന്‍ ഹോളിലൂടെ മലിന ജലം പുറത്തേക്ക് ഒഴുകിയത്. ഇതോടെ സമീപത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന മൂന്ന് കിണറുകളാണ് മലിനമായത്. കിണറില്‍ വെള്ളത്തിന് നിറവ്യത്യാസവും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതോടെയാണ് വീട്ടുകാര്‍ പരിശോധന നടത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും സംഭവത്തില്‍ ഇടപെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ സൗദ, വാര്‍ഡ് മെംബര്‍ പി. പവിത്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് ഐ.ഐ.എം അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലികമായി പൈപ്പിട്ട് ഒരാഴ്ച്ച കുടിവെള്ളം നല്‍കാമെന്നും വെള്ളം പരിശോധനക്ക് അയച്ച് റിസല്‍ട്ട് വന്നതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പും നല്കി. മലിനമായ കിണറുകള്‍ ശുചീകരിക്കാനുള്ള നടപടികള്‍ ഐ.ഐ.എം അധികൃതര്‍ ആരംഭിച്ചു. കിണര്‍ ശുചീകരിച്ചാലും ഈ വെള്ളം കുടിക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."