വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി; ഒരാള്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: വിവാഹ സല്‍ക്കാരത്തിനിടെ വിളമ്പുകാരും സല്കാരത്തിനെത്തിയവരും തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ആലുംകടവ് ലക്ഷ്മി ഭവനത്തില്‍ അഖില്‍(21)നാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പരുക്കേറ്റവരേ താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചപ്പോള്‍ അവിടെയും ഇരുകൂട്ടരും ഏറ്റുമുട്ടി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വന്ദന ഓഡിറ്റോറിയത്തില്‍ ചിറ്റുമൂല സ്വദേശിനിയുടെ വിവാഹത്തിന് ശേഷം നടന്ന സല്‍ക്കാരത്തിനിടെയായിരുന്നു സംഘര്‍ഷം.
വിളമ്പാനെത്തിയ അഖില്‍ ചിറ്റുമൂല സ്വദേശിയായ സാലിഹിനോട് മറ്റൊരു ടേബിളിലേക്ക് മാറിയിരിക്കാന്‍ പറഞ്ഞു. എന്നാല്‍ സാലിഹ് ഇത് വകവയ്ക്കാതിരിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സാലിഹിനൊപ്പം വിവാഹത്തിനെത്തിയ മറ്റുള്ളവരും ചേര്‍ന്ന് അഖിലിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ സാലിഹും സുഹൃത്തുക്കളും അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുകയും വീണ്ടും അഖിലിനെ മര്‍ദിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും പൊലിസെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപെട്ടു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."