അവിശ്വാസം: തിരുവള്ളൂര്‍ മുരളി രാജിവച്ചു; തോടന്നൂര്‍ ബ്ലോക്ക് ഇടതുഭരണത്തിലേക്ക്
വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി രാജിവച്ചു. മുരളിക്കെതിരേ ഇടതുപക്ഷം അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് രാജി. 13 അംഗ ഭരണസമിതിയില്‍ ഏഴു പേരാണ് പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ഇന്നലത്തെ യോഗം യു.ഡി.എഫിലെ അഞ്ചുപേര്‍ ബഹിഷ്കരിച്ചു. മുരളി യോഗത്തില്‍ പ്രസംഗം നടത്തിയതിനു ശേഷമാണു രാജി പ്രഖ്യാപിച്ചത്.
ഇടതുമുന്നണിയുടെ ആറംഗങ്ങളും ലോക് താന്ത്രിക് ജനതാദളിന്റെ ഒരംഗവുമാണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ആറുമാസം മുന്‍പ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മുരളിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രമേയചര്‍ച്ച പരിഗണിക്കുന്ന ദിവസം ഒരുകേസില്‍ മുരളിയെ പൊലിസ് അറസ്റ്റ് ചെയ്തതും വോട്ടെടുപ്പ് ചര്‍ച്ചയില്‍ നിന്ന് ഇടത് അംഗങ്ങള്‍ വിട്ടുനിന്നതും കാരണം കോറം തികയാത്തതിനാല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുത്തില്ല.
ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറും അംഗങ്ങളാണുണ്ടായിരുന്നത്. ലോക് താന്ത്രിക് ജനതാദള്‍ യു.ഡി.എഫ് വിട്ടതോടെയാണ് വീണ്ടും അവിശ്വാസത്തിനു കളമൊരുങ്ങിയത്. രമേശ് ചെന്നിത്തലക്കെതിരേ പ്രസ്താവന ഇറക്കിയതിന് കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുരളി ഇടതു പാളയത്തില്‍ എത്തിച്ചേരുമെന്ന പ്രചാരണം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയില്ലാതെ മുരളി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ മുരളിയുടെ സഹായമില്ലാതെയും തോടന്നൂരില്‍ ഭരണം പിടിക്കാമെന്ന സാഹചര്യത്തിലാണ് സി.പി.എം മുരളിക്കെതിരേ തിരിഞ്ഞതും ഇടതുമുന്നണി അവിശ്വാസം കൊണ്ടുവന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."