നാഥനില്ലാകളരിയായി കണിയാമ്പറ്റ വില്ലേജ് ഓഫിസ്
കണിയാമ്പറ്റ: പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിട്ടിടപെടുന്നതും അവശ്യ സേവന വിഭാഗത്തില്‍ പെട്ടതുമായ കണിയാമ്പറ്റ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
ഒരു മാസത്തോളമായി വില്ലേജ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. തുടര്‍ന്ന് അസിസ്റ്റന്റിന് ചാര്‍ജ് നല്‍കിയെങ്കിലും കലക്ടറേറ്റില്‍ നിന്നുള്ള ഈ തസ്തികയില്‍ ചാര്‍ജെടുത്തയാള്‍ തിരിച്ചുപോയതോടെ ഓഫിസ് നാഥനില്ലാ കളരിയായിരിക്കുകയാണ്.
നിലവില്‍ വെള്ളരിമല വില്ലേജ് ഓഫിസര്‍ക്കാണ് ചാര്‍ജ്. ആഴ്ചയിലൊരിക്കല്‍ വന്നാല്‍ ആയി എന്ന സ്ഥിതിയാണുള്ളത്. ആകെ മൂന്ന് ക്ലാര്‍ക്കുമാരാണുള്ളത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജിലെത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ്. നികുതി അടക്കാനുള്ളവരും കൃഷി ആവശ്യങ്ങള്‍ക്കെത്തുന്നവരും ദിവസങ്ങളോളമായി കയറി ഇറങ്ങുകയാണ്. വിവിധയിനം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ജനങ്ങളുടെ ഏക ആശ്രയമായ വില്ലേജ് ഓഫിസിന്റെ കുത്തഴിഞ്ഞ അവസ്ഥക്കെതിരേ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. അധികൃതര്‍ അവഗണന അവസാനിപ്പിച്ച് സ്ഥിരം വില്ലേജ് ഓഫിസറെ നിയമിച്ച് ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."