ഊട്ടിയിലെ സെന്‍ട്രല്‍ പൊട്ടാറ്റോ റിസേര്‍ച്ച് സ്റ്റേഷനും പൂട്ട് വീഴുന്നു
ഊട്ടി: ഉരുളക്കിഴങ്ങ് കര്‍ഷകരെ ആശങ്കയിലാക്കി ഊട്ടിയിലെ സെന്‍ട്രല്‍ പൊട്ടാറ്റോ റിസേര്‍ച്ച് സ്റ്റേഷനും കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു.
ഭരണപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസേര്‍ച്ച് (ഐ.സി.എ.ആര്‍) കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഇതോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം (എച്ച്.പി.എഫ്), ഫുഡ് പ്രൊഡക്ട് ഇന്ത്യാ ലിമിറ്റഡ് (എഫ്.പി.എല്‍) എന്നിവക്ക് പിന്നാലെ ഊട്ടി സെന്‍ട്രല്‍ പൊട്ടറ്റോ റിസേര്‍ച്ച് സ്റ്റേഷനും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
1957 ഏപ്രില്‍ ഏഴിനാണ് ഊട്ടി മുത്തോറെയില്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇതിനകം കൃത്യമായി വിളവ് ലഭിക്കുന്നതും പ്രതിരോധ ശേഷി കൂടുതലുമായ അഞ്ചോളം ഹൈബ്രിഡ് ഇനങ്ങളാണ് കേന്ദ്രം വികസിപ്പിച്ചത്. വര്‍ഷത്തില്‍ മൂന്ന് തവണ വിളവെടുപ്പ് നടത്തുന്ന മേഖലയായി നീലഗിരിയിലെ ഉരുളക്കിഴങ്ങ് കൃഷിയെ മാറ്റിയതിലും കേന്ദ്രത്തിന് പങ്കുണ്ട്. കേന്ദ്രം അടച്ചുപൂട്ടുന്നത് കാര്‍ഷിക മേഖലക്ക് കനത്ത നഷ്ടമാകും. ഇതിനെതിരേ കര്‍കരുടേയും കര്‍ഷക സംഘടനകളുടേയും പ്രതിഷേധം ശക്തമാണ്.
കേന്ദ്രം അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് നീലഗിരിസ് പൊട്ടറ്റോ ആന്‍ഡ് വെജിറ്റബിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നീലഗിരി ജില്ലയില്‍ മാത്രം 4000 മുതല്‍ 5000 ഹെക്ടറിലാണ് ഉരുളക്കിഴങ്ങ് കൃഷിയുള്ളത്. നിരവധി കര്‍ഷകരുടെ പ്രധാന ഉപജീവന മാര്‍ഗവുമിതാണ്. കേന്ദ്രത്തില്‍ നിന്ന് കൃത്യമായി ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. നീലഗിരിയെ കൂടാതെ തമിഴ്‌നാട്ടിലെ മറ്റിടങ്ങളിലേയും തെക്കേ ഇന്ത്യയിലേയും ഉരുളക്കിഴങ്ങ് കാര്‍ഷിക മേഖലക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഊട്ടിയിലെ സെന്‍ട്രല്‍ പൊട്ടറ്റോ റിസേര്‍ച്ച് സ്റ്റേഷനാണ്. എന്നിരിക്കെ കേന്ദ്രം അടച്ചുപൂട്ടുന്നത് നീലഗിരിയുടെ സമ്പദ്ഘടനയെ ബാധിക്കുമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഐ.സി.എ.ആറിന്റെ ശുപാര്‍ശക്ക് കേന്ദ്ര കാര്‍ഷിക മന്ത്രാലയം അംഗീകാരം നല്‍കിയതായാണ് ലഭിക്കുന്ന വിവരം. കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിച്ച് തീരുമാനം പുനഃപ്പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഊട്ടി ഉരുളക്കിഴങ്ങിന് വില കുറയുന്നു
ഊട്ടി: കര്‍ഷകര്‍ക്ക് തിരിച്ചടിയായി നീലഗിരിയില്‍ ഉരുളക്കിഴങ്ങിന് വിലകുറയുന്നു.
ഊട്ടിയില്‍ ഉല്‍പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങിന് സീസണില്‍ 45 കിലോ ചാക്കിന് 1200 മുതല്‍ 1800 രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 900 മുതല്‍ 1200 വരെ മാത്രമാണ് ലഭിക്കുന്നത്. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഉരുളക്കിഴങ്ങ് ജില്ലയിലേക്ക് എത്തുന്നതാണ് വിലയിടിവിന് കാരണമായി പറയുന്നത്. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഊട്ടിയില്‍ ഉല്‍പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കും കേരളത്തിലേക്ക് കയറ്റി അയക്കുന്നുണ്ട്. നിലവില്‍ വില ലഭിക്കാത്തത് കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."