കേരളം പണം അനുവദിച്ചെങ്കിലും; ദേശീയപാതയില്‍ മേല്‍പ്പാലങ്ങള്‍ ഉയരാനിടയില്ല
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ നിര്‍മാണച്ചെലവ് വിഹിതമായി 250 കോടി രൂപ അനുവദിച്ചെങ്കിലും ദേശീയപാത 766ലെ ബന്ദിപ്പുര, വയനാട് വനപരിധിയില്‍ മേല്‍പ്പാലങ്ങളുടെയും ഇരുമ്പു-ജൈവ വേലികളുടെയും നിര്‍മാണം നടക്കാനിടയില്ല.
ദേശീയപാതയില്‍ 2009 മുതല്‍ തുടരുന്ന രാത്രിയാത്രാ വിലക്കിന് പരിഹാരമായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം വച്ച നിര്‍ദേശം മാത്രമാണ് മേല്‍പ്പാലം, വേലി നിര്‍മാണ പദ്ധതി. ദേശീയപാതയില്‍ കര്‍ണാടക കടുവാസങ്കേതം പരിധിയില്‍ നാലും വയനാട് വന്യജീവി സങ്കേതം പരിധിയില്‍ ഒന്നും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശം. പാലങ്ങള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ വന്യജീവികള്‍ റോഡിലേക്കിറങ്ങുന്നതു ഒഴിവാക്കുന്നതിന് എട്ടടി ഉയരത്തില്‍ ഇരുമ്പു-ജൈവ വേലി നിര്‍മാണവും നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തിനു 500 കോടി രൂപ ചെലവാണ് കണക്കാകുന്നത്.
ബന്ദിപ്പുര വനത്തില്‍ നിര്‍മാണം നടത്തുന്നതിന് കര്‍ണാടക സര്‍ക്കാരിന്റെ പച്ചക്കൊടിക്കുപുറമേ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ്, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി എന്നിവയുടെ അനുമതി വേണം. പരിസ്ഥിതി ആഘാത പഠനവും നടക്കണം. ദേശീയപാത 766ലെയും 67ലെയും രാത്രിയാത്രാ വിലക്ക് ഒഴിവാക്കാന്‍ കേരള സര്‍ക്കാരും നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയടക്കം പ്രസ്ഥാനങ്ങളും നടത്തിവരുന്ന ശ്രമങ്ങളെ കര്‍ണാടക സര്‍ക്കാര്‍ നിരന്തരം എതിര്‍ക്കുകയാണ്. ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ ഗതാഗതം നിരോധിച്ച് 2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ഉത്തരവായത്. ബന്ദിപ്പുര വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് 2010 മാര്‍ച്ച് 13ന് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരേ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ദീര്‍ഘകാലമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. രാത്രിയാത്രാ വിലക്കുവന്നപ്പോള്‍ ബി.എസ് യദ്യൂരപ്പയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി. അദ്ദേഹമോ പിന്നീട് മുഖ്യമന്ത്രിപദത്തിലെത്തിയെ ഡി.വി സദാനന്ദ ഗൗഡ, ജഗദീഷ് ഷെറ്റാര്‍, സിദ്ധരാമയ്യ എന്നിവരോ രാത്രിയാത്ര വിലക്ക് നീക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും യാത്രിയാത്രാ വിലക്ക് തുടരണമെന്ന അഭിപ്രായത്തിലാണ്. ഏറ്റവും ഒടുവില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
നിരോധനം നീക്കുന്നതിനെ അടിമുടി എതിര്‍ക്കുകയാണ് കര്‍ണാടക വനം-വന്യജീവി വകുപ്പും ബങ്കളൂരുവിലും മൈസൂരുവിലുമുള്ള പരിസ്ഥിതി സംഘടനകളും. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെ മേല്‍പ്പാല, വേലി നിര്‍മാണ നിര്‍ദേശത്തെ കര്‍ണാടക സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്. നിര്‍ദേശങ്ങള്‍ക്കെതിരേ പരിസ്ഥിതി സംഘടനകളും ശക്തമായി രംഗത്തുണ്ട്. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കര്‍ണാടക സര്‍ക്കാര്‍ മേല്‍പ്പാലം-വേലി നിര്‍മാണ പദ്ധതിക്കു പച്ചക്കൊടി കാട്ടിയാല്‍ത്തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ്, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി എന്നിവയുടെ അനുമതിക്കുള്ള സാധ്യത തള്ളുന്നവരാണ് പരിസ്ഥിതി രംഗത്തുള്ള പ്രമുഖരില്‍ പലരും. ചെലവഴിക്കേണ്ടിവരില്ലെന്ന ഉറപ്പിലാണ് കേരള സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മാണ പദ്ധതിക്കു 250 കോടി അനുവദിച്ചതെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പദ്ധതിക്കു നേരത്തേ കേരള സര്‍ക്കാര്‍ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ സര്‍വേ പോലും നടത്താനായില്ല. ഇതേ അവസ്ഥയായിരിക്കും മേല്‍പ്പാലം പദ്ധതിക്കെന്നും അവര്‍ പറയുന്നു. ദേശീയപാതയിലെ ഗതാഗത നിരോധനത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെയും കേരള, കര്‍ണാടക സര്‍ക്കാരുകളുടെയും പ്രതിനിധികള്‍ അംഗങ്ങളാണ്. സുപ്രിം കോടതിയുടെ 2018 ജനുവരി 10ലെ ഉത്തരവനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതി ഡല്‍ഹി, തിരുവനന്തപുരം, ബന്ദിപ്പുര, ബംങ്കളൂരു എന്നിവിടങ്ങളില്‍ സിറ്റിങ് നടത്തിയിരുന്നു. സമിതി റിപ്പോട്ട് സമര്‍പ്പിക്കാനിരിക്കെയാണ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം മേല്‍പ്പാലം പദ്ധതി നിര്‍ദേശിച്ചത്. രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിയുടെ പരിഗണനയില്‍ കേരള സര്‍ക്കാരിന്റെ അപ്പീല്‍ മാത്രമല്ല ഉള്ളത്. ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംങ്കളൂരുവിലെ പരിസ്ഥിതി സംഘടന നല്‍കിയ ഹരജിയും കോടതി മുമ്പാകെയുണ്ട്. വയനാട് പ്രകൃതി സംരക്ഷണ സമിതിയും കേസില്‍ കക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."