ചിറക് വിരിച്ചത് ചരിത്രത്തിലേക്ക്
റൈറ്റ് സഹോദരന്മാര്‍ ആദ്യത്തെ വിമാനം പറപ്പിച്ചപ്പോള്‍ അതൊരു അത്ഭുതസംഭവമായിരുന്നു. സ്വപ്നംമാത്രമായിരുന്ന ഒരാശയം യാഥാര്‍ഥ്യമായപ്പോള്‍ നീണ്ട തപസ്യയുടെ വിജയകരമായ പരിസമാപ്തിക്കാണ് അന്നു കാലം സാക്ഷിയായത്. തിരയും തീരങ്ങളും അലയും ആഴങ്ങളും കാല്‍ക്കീഴിലാക്കിയ മനുഷ്യന്റെ സഞ്ചാരവേഗതയിലേയ്ക്കുള്ള ആകാശക്കുതിപ്പ്.
1903 ഡിസംബര്‍ 17നു രാവിലെ 10.35ന് അറ്റ്‌ലാന്റിക് സമുദ്രതീരത്തുവച്ചായിരുന്നു ആ മഹാത്ഭുതം.ലോകത്തിന്റെ അകലം കുറച്ച അതിന്റെ ചിറകുകള്‍ ശാസ്ത്രലോകത്തിനു നവീനമായൊരു വഴിതുറക്കലായിരുന്നു. അതിനു സമാനവും അതിസാഹസികവുമായ മറ്റൊരു തപസ്യയുടെ വിജയകരമായ പരിസമാപ്തിക്കാണു 2016 ജൂലായ് 26 നു പ്രാദേശികസമയം പുലര്‍ച്ചെ 4.04 ന്് അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളം വേദിയായത്. അന്നാണ് ആകാശങ്ങള്‍ കീഴടക്കിയ, പലരും അസാധ്യമെന്നു വിധിയെഴുതിയ വലിയൊരുസ്വപനം സാക്ഷാത്കരിക്കപെട്ടത്.
എണ്ണയുടെ കാര്യത്തില്‍ അതിസമ്പന്നമായ രാജ്യത്ത് പരമ്പരാഗത ഇന്ധനം ഒരു തുള്ളിപോലുമുപയോഗിക്കാതെ, സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജത്തെമാത്രം ആശ്രയിച്ചു സോളാര്‍ ഇംപള്‍സ് 2 എന്ന വിമാനം ദൗത്യം പൂര്‍ത്തിയാക്കി പറന്നിറങ്ങിയത് ആ ദിവസമാണ്. 42,000 കിലോമീറ്ററുകള്‍ താണ്ടി 505 ദിവസങ്ങളുടെ സംഭവബഹുലമായ യാത്രയിലൂടെയാണ് ആ സൗരവിമാനം ചരിത്രം സൃഷ്ടിച്ചത്. അതോടെ ആ വിമാനവും അതിന്റെ ശില്‍പ്പികളും മാത്രമല്ല, മാലിന്യമുക്തമായ ഭാവിയും സംശുദ്ധ ഊര്‍ജ്ജവുംചേര്‍ന്ന് പുതിയൊരു ലോകമെന്ന ഭാവനാ സമ്പന്നരായ ഒരു അറബ് രാഷ്ട്രഭരണാധികാരികളുടെ പ്രകൃതിബോധംകൂടിയാണു പുരസ്‌കൃത മായത്.
പതിറ്റാണ്ടുകളായി പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ പുണരുന്ന ഒരു ഗള്‍ഫ് രാജ്യം പുനരുപയോഗ മാലിന്യ രഹിതമായ സൗരോര്‍ജ്ജത്തില്‍ മാത്രം വിശ്വസിച്ചു ലോകം ചുറ്റിപ്പറന്ന സോളാര്‍ ഇംപള്‍സ്2 നും അണിയറ പ്രവര്‍ത്തകര്‍ക്കും ചുവപ്പു പരവതാനി വിരിച്ചപ്പോള്‍ ലോകത്തിനു തന്നെ അതു വലിയ മാതൃകയും വിലയേറിയ സന്ദേശവുമായി. 40,000 ത്തിലധികം കിലോമീറ്റര്‍ പരമ്പരാഗത ഇന്ധനമേതുമില്ലാതെ സൂര്യന്റെ പ്രകാശത്തില്‍നിന്നുള്ള ഊര്‍ജ്ജം മാത്രം ഇന്ധനമാക്കിമാറ്റി പറന്നാണു സോളാര്‍ ഇംപള്‍സ് ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.
സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി ആരംഭിച്ച സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ സ്ഥാപകരായ ബെര്‍ട്രന്‍ഡ് പികാര്‍ഡ്, ആന്‍ഡ്രേ ബോര്‍ഷ്ബര്‍ഗ് എന്നിവര്‍തന്നെയാണു വിമാനം പറത്തിയത്. അബൂദാബിയില്‍നിന്നു പുറപ്പെട്ടു ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്‌പെയിന്‍, ഈജിപ്ത് എന്നീ ഒമ്പതുരാജ്യങ്ങളിലൂടെ സഞ്ചരിച്ച ഇംപള്‍സ് 2 സൗരോര്‍ജം മാത്രം ഉപയോഗിച്ചു രാവുംപകലും ഇടതടവില്ലാതെ പറന്ന ലോകത്തിലെ ഏകവിമാനമെന്ന റെക്കോഡ് സ്വന്തമാക്കിയാണു തിരിച്ചിറങ്ങിയത്. (1980ല്‍ സൗരോര്‍ജംകൊണ്ട് പറക്കുന്ന 'സോളാര്‍ ചലഞ്ചര്‍' വിമാനം കണ്ടുപിടിക്കപ്പെട്ടിരുന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പരിമിതികളുണ്ടായിരുന്നു.)
മൊത്തം 500 മണിക്കൂറെടുത്തു 17 ഘട്ടങ്ങളിലായുള്ള യാത്രയില്‍ നാലു ഭൂഖണ്ഡങ്ങളും മൂന്നു കടലുകളും രണ്ടു മഹാസമുദ്രങ്ങളും തരണം ചെയ്യാനുണ്ടായിരുന്നു. പരീക്ഷണപ്പറക്കലുകള്‍ക്കുശേഷം 2015 മാര്‍ച്ച് ഒമ്പതിന് അബുദാബിയില്‍നിന്നു മസ്‌ക്കറ്റിലേക്കാണ് ഒദ്യോഗിക പ്രയാണം ആരംഭിച്ചത്. അവിടെനിന്ന് അഹമ്മദാബാദിലും വാരാണാസിയിലും പറന്നിറങ്ങി. ഇന്ത്യയില്‍ നിന്നു മാര്‍ച്ച് 18 നു മ്യാന്‍മറിലെ മന്‍ഡാലേയിലേയ്ക്കാണു പോയത്. തുടര്‍ന്നു ജപ്പാനിലെ നയോഗയിലും അവിടെനിന്നു ശാന്തസമുദ്രത്തിനു മുകളിലൂടെ അഞ്ചുദിനരാത്രങ്ങളെടുത്ത് അമേരിക്കയിലെ ഹവായിലേയ്ക്കും സോളാര്‍ ഇംപള്‍സ് കുതിച്ചു.
ജപ്പാനില്‍നിന്ന് അമേരിക്കയിലേക്കുള്ള 8,924 കിലോമീറ്ററാണു സോളാര്‍ ഇംപള്‍സ് 2 തുടര്‍ച്ചയായി പറന്ന ഏറ്റവുംകൂടിയ ദൂരം. 117 മണിക്കൂര്‍ 52 മിനിറ്റാണ് ഇതിനെടുത്തത്. പൈലറ്റുള്ള സൗരോര്‍ജവിമാനപ്പറക്കലില്‍ ഇതും റെക്കോഡാണ്. ആന്‍ഡ്രേ ബോര്‍ഷ്ബര്‍ഗ് ആയിരുന്നു അപ്പോള്‍ വൈമാനികന്‍ .ലോകത്ത് ഒറ്റയടിക്ക് ഒറ്റയാള്‍ വിമാനം പറത്തിയ വലിയ റെക്കോഡിനും അതിലൂടെ ആന്‍ഡ്രേ അര്‍ഹനായി.ഇതടക്കം ഇരുപതോളം ലോക റെക്കോഡുകളാണ് ഈ സ്വിസ് വിമാനത്തിലൂടെ ഇരുവൈമാനികരും സ്വന്തമാക്കിയത്. തുടക്കത്തില്‍, സോളാര്‍ ഇംപള്‍സ് സി.ഇ.ഒ യും വൈമാനികനും 63 കാരനുമായ ആന്‍ഡ്രേ ബോര്‍ഷ്ബര്‍ഗാണു വിമാനം പറത്തിയതെങ്കില്‍ അവസാനയാത്രയിലേയ്ക്കുള്ള പ്രയാണത്തില്‍ വിമാനം നിയന്ത്രിച്ചത് 58 കാരനായ ചെയര്‍മാന്‍ ബര്‍ട്രാന്റ് പിക്കാഡായിരുന്നു.
മടക്കയാത്രയില്‍ ഈജിപ്തിലെ കെയ്‌റോയില്‍നിന്ന് അബൂദാബിയിലേയ്ക്കുള്ള 2,500 കിലോമീറ്റര്‍ 40 മണിക്കൂര്‍ കൊണ്ടാണു വിമാനം താണ്ടിയത്. 2002 ലാണ് വിമാനത്തിന്റെ നിര്‍മാണമാരംഭിച്ചത്. ഒരുവര്‍ഷത്തിനുശേഷം യു.എ.ഇ സര്‍ക്കാറിനു കീഴിലുള്ള മസ്ദര്‍ കമ്പനികൂടി സംരംഭത്തില്‍ കൈകോര്‍ത്തതോടെ ഭാവനയുടെ ചിറകുകള്‍ക്കു കൂടുതല്‍ കരുത്തായി. കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഫോട്ടോവോള്‍ടെയ്ക് സെല്ലുകളുടെ കാര്യക്ഷമതയാണു വിമാനത്തിന്റെ സാഹസികതകള്‍ ശുഭകരമാക്കിയത്.
സൗരോര്‍ജ സെല്ലുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചു പരിഷ്‌കരിച്ചവയാണു ഫോട്ടോ വോള്‍ടെയ്ക് സെല്ലുകള്‍. വിമാനത്തിന്റെ ഭാരംകുറയ്ക്കാന്‍ കടലാസിനേക്കാള്‍ മൂന്നുമടങ്ങു ഭാരംകുറവുള്ള കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. 2300 കിലോയാണ് ഈ വിമാനത്തിന്റെ ഭാരം. ഒരു സെഡാന്‍ കാറിനേക്കാള്‍ കുറഞ്ഞ ഭാരം. വിമാനത്തിന്റെ ചിറകുകളിലാണു സോളാര്‍പാനലുകള്‍ അടുക്കിയിരിക്കുന്നത്. 135 മൈക്രോണ്‍ കനത്തില്‍ 17,248 ഫോട്ടോവോള്‍ടെയ്ക് സെല്ലുകളാണ് ഊര്‍ജ്ജം ശേഖരിക്കാന്‍ സജ്ജമാക്കിയിരുന്നത്.
വിമാനത്തിന്റെ ലിഥിയംഅയേണ്‍ ബാറ്ററിയിലാണ്ഊര്‍ജംസംഭരിച്ചു വെക്കുന്നത്. ദിവസേന 340 കിലോവാട്‌സ് സൗരോര്‍ജം ശേഖരിക്കാനുള്ള സംവിധാനമാണു വിമാനത്തില്‍ ഒരുക്കിയിരുന്നത്. സ്വയംപര്യാപ്തമായ ഓരോ ബാറ്ററിയും പ്രത്യേകം ഫോട്ടോ വോള്‍ടെയ്ക് സെല്ലുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിനാല്‍ കുറച്ചു ബാറ്ററികളോ ഫോട്ടോ വോള്‍ടെയ്ക് സെല്ലുകളോ തകരാറിലായാല്‍പ്പോലും അതു വിമാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. വിമാനം ഉപയോഗശൂന്യ മായാല്‍പ്പോലും സൗരോര്‍ജസംഭരണത്തിനു സ്ഥാപിച്ച ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകള്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാം.
ഫോട്ടോവോള്‍ടെയ്ക് സെല്ലുകളില്‍നിന്നു ശേഖരിക്കുന്ന പുനരുപയോഗ ഊര്‍ജം വിമാനത്തിന്റെ ലിഥിയം ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന 17.5 കുതിരശക്തിയുള്ള നാല് ഇലക്ട്രിക് പ്രൊപ്പല്ലറുകളില്‍ കറങ്ങും. നാല് എഞ്ചിനുകളും ബാറ്ററികളുംചേര്‍ത്തു തൂക്കിയാല്‍ 633 കിലോ വരും. യാത്രാവിമാനമായ ബോയിങ് 747 ന്റെ ചിറകുകളേക്കാള്‍ 72 മീറ്റര്‍ വീതിയുണ്ട് ഇംപള്‍സിന്റെ ചിറകിന്. കാറ്റിന്റെ ഗതികൂടി പരിഗണിച്ചു മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സോളാര്‍ ഇംപള്‍സിന് കഴിയും. എന്നാല്‍ സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ 45 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ പറക്കാനാവൂ. ഒരേസമയം ഒരാള്‍ മാത്രമാണു വിമാനം പറത്തുക.
പരമാവധി 9000 മീറ്റര്‍ ഉയരത്തിലാണു വിമാനം പറന്നത്. രാത്രി സമയത്ത് 8000 മുതല്‍ 8500 മീറ്റര്‍ ഉയരത്തില്‍ പറന്നു. കൂടുതല്‍ ഊര്‍ജ്ജം ലാഭിക്കാന്‍ കൂടിയാണ് ഈ താഴ്ന്നു പറക്കല്‍. 30 എന്‍ജിനീയര്‍മാര്‍, 25 സാങ്കേതികവിദഗ്ധര്‍, 22 മിഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നിവരടക്കം 140 പേരാണ് സോളാര്‍ ഇംപള്‍സ് രണ്ട് യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചത്. പതിമൂന്നു വര്‍ഷം കൊണ്ടാണ് വിമാനത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 6244 ലക്ഷം ദിര്‍ഹമായിരുന്നു സോളാര്‍ ഇംപള്‍സിന്റെ നിര്‍മാണച്ചെലവ്.
പരീക്ഷണവിമാനമെന്നതിലപ്പുറം സാധാരണയാത്രകള്‍ക്കു സോളാര്‍ ഇംപള്‍സ് രണ്ട് ഉപയോഗിക്കാനാവില്ലെന്നതാണു പരിമിതി. ഒരു സീറ്റ് മാത്രമുള്ള വിമാനത്തിന്റെ കോക്പിറ്റ് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്തത്ര ചെറുതാണ്. ടോയ്‌ലറ്റ് സൗകര്യവും നാമമാത്രം.
സീറ്റ് മടക്കിവെച്ചാണു ടോയ്‌ലറ്റ് ഉപയോഗത്തിനു സൗകര്യമൊരുക്കുന്നത്. അതേസമയം ഇതൊരു തുടക്കം മാത്രമാണെന്നും പത്തുവര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം ഗവേഷണങ്ങളിലൂടെ നടത്താനാകുമെന്നും ശാസ്ത്രലോകം കണക്കുകൂട്ടുന്നു. ആദ്യസംരംഭമെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഊര്‍ജ്ജരംഗത്തു നിറയെ സാധ്യതകളും, പ്രതീക്ഷകളും തുറന്നിട്ടുകൊണ്ടു സോളാര്‍ ഇംപള്‍സ് അബുദാബിയില്‍ ലാന്റ് ചെയ്തിരിക്കുന്നത്.
നാലുവന്‍കരകളിലൂടെ പറന്നു വിസ്മയംതീര്‍ത്ത സോളാര്‍ ഇംപള്‍സ് വിമാനത്തിന്റെ ചക്രങ്ങള്‍ അല്‍ ബതീന്‍ വിമാനത്താവളത്തെ ഉമ്മവച്ചിറങ്ങുമ്പോള്‍ ആ നിമിഷത്തിനു സാക്ഷികളാകാന്‍ ലോകമാധ്യമങ്ങളെല്ലാം എത്തിയിരുന്നു. അപ്രാപ്യ മെന്നു കരുതുന്ന ഏതാശയവും യാഥാര്‍ഥ്യമാക്കാമെന്നു ലോകത്തിന് മുന്നില്‍ യു.എ.ഇ. തെളിയിച്ചുകൊടുത്തിരിക്കുന്നത്. ഭൂമുഖത്തുള്ള ഫോസില്‍ ഇന്ധനംമുഴുവന്‍ വറ്റിപ്പോയാല്‍ എങ്ങനെയാവും വിമാനങ്ങള്‍ പറക്കുകയെന്ന കൊച്ചുചോദ്യത്തിനുള്ള വലിയ ഉത്തരം, അതാണ് സോളാര്‍ ഇംപള്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."