ബാലാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പായില്ല; ഫാര്‍മസികളില്‍ മരുന്ന് നല്‍കാന്‍ യോഗ്യതയില്ലാത്തവര്‍ തന്നെ
മലപ്പുറം: ഫാര്‍മസികളില്‍ കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത് യോഗ്യതയുള്ളവരാകണമെന്ന ബാലാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പായില്ല. മേയ് 19നാണ് ബാലാവകാശ കമ്മിഷന്‍ ഫാര്‍മസി കൗണ്‍സിലിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം നടപടിയെടുത്ത് കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടര മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരളത്തിലെ മിക്ക സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും നടക്കുന്നത് നിയമവിരുദ്ധമായ ഔഷധവിപണനമാണ്. സ്വകാര്യമേഖലയില്‍ മാത്രം സംസ്ഥാനത്ത് 16000ത്തിലധികം മരുന്നുഷോപ്പുകളാണുള്ളത്. ഇവിടെ ജോലിചെയ്യുന്ന ഒരു ലക്ഷത്തോളം ജീവനക്കാരില്‍ പകുതിയിലധികവും യോഗ്യതയില്ലാത്തവരാണ്. ഫാര്‍മസി നിയമവും ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍സ് 2015ഉം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഫാര്‍മസി കൗണ്‍സില്‍ പരിശോധന നടത്താത്ത നൂറുകണക്കിന് ഫാര്‍മസികള്‍ ഇന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫാര്‍മസി കൗണ്‍സിലിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നു.
ഭൂരിപക്ഷം സ്ഥാപനങ്ങളിലും വൈകുന്നേരങ്ങളില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ കൈകാര്യംചെയ്യുന്നതു യോഗ്യതയില്ലാത്തവരാണ്. കേരളത്തില്‍ ഭൂരിപക്ഷം ശിശുരോഗവിദഗ്ധരും സ്വകാര്യ പരിശീലനം നടത്തുന്നത് ഈ സമയങ്ങളിലാണ്. ഡോക്ടറെ കണ്ടു മരുന്നുവാങ്ങാന്‍ ഫാര്‍മസിയിലോ മരുന്നുകടയിലോ എത്തുന്നവര്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ ഉണ്ടാകാറില്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഫാര്‍മസികള്‍ കൈകാര്യം ചെയ്യുന്നതും പൊതുജനത്തിന് മരുന്ന് നല്‍കുന്നതും യോഗ്യതയുള്ളവരാകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന 1948ലെ ഫാര്‍മസി നിയമത്തിന്റെയും 1945ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെയും 2015ലെ ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്റെയും ലംഘനമാണ് സംസ്ഥാനത്തു നടക്കുന്നത്. ഇത് നിയന്ത്രിക്കേണ്ടവര്‍ ഒന്നും കണ്ടില്ലെന്നു നടക്കുന്നു.
യോഗ്യതയുള്ളവരെ തിരിച്ചറിയാന്‍ കഴിയുംവിധം വെള്ള ഓവര്‍കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഫാര്‍മസിസ്റ്റുകള്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില സര്‍ക്കാര്‍ ഫാര്‍മസികളില്‍ മാത്രമാണ് ഇത് പാലിക്കുന്നത്. ഇതുസംബന്ധിച്ച്് ആരോഗ്യവകുപ്പ് സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കമ്മിഷന്‍ ഇടപെട്ടത്. ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ് പാലിക്കാതിരുന്നത് ധിക്കാരമാണെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ കമ്മിഷന്‍ ഉത്തരവിനേയും മാനിക്കാന്‍ ഇവര്‍ തയാറായിട്ടില്ല. മരുന്ന് കുറിപ്പടികള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നരീതിയില്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ തന്നെ ഡോക്ടര്‍മാര്‍ എഴുതുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യസെക്രട്ടറിയോടും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതും പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."