ഒന്നരവയസുകാരിയുടെ വയറ്റില്‍നിന്ന് മൂന്നുകിലോ മാംസപിണ്ഡം നീക്കി
ഗൂഡല്ലൂര്‍: ഒന്നര വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന് മൂന്ന് കിലോഗ്രാം തൂക്കംവരുന്ന മാംസപിണ്ഡം നീക്കം ചെയ്തു. മേട്ടുപാളയത്തിലാണ് സംഭവം. മേട്ടുപാളയം പുഞ്ചപുളിയംപട്ടി സ്വദേശി രാജു-സുമതി ദമ്പതികളുടെ മകള്‍ ഒന്നര വയസുകാരിയായ മകളുടെ വയറ്റില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ മൂന്ന് കിലോ ഗ്രാം തൂക്കമുള്ള മാംസപിണ്ഡം നീക്കം ചെയ്തത്.
പിഞ്ചു കുഞ്ഞിന്റെ വയറ്റില്‍ നിന്നും മാംസപിണ്ഡം നീക്കം ചെയ്യുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ മേട്ടുപാളയം സ്വകാര്യ ആശുപത്രിയിലെ ഡോ. വിജയഗിരി പറഞ്ഞു. കുഞ്ഞിന്റെ വയറ് വീര്‍ത്ത് വരുന്നത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഉടനെ ചികിത്സ തേടി ആശുപത്രിയില്‍ എത്തുകയായിരുന്നു. വയറ് വീര്‍ത്തത് കാരണം കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. കടുത്ത വയറു വേദനയും അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് നടത്തിയപ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ മാംസപിണ്ഡം കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ട് മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ.വിജയഗിരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."