ഗതാഗത കുരുക്കഴിയാതെ തലശ്ശേരി
തലശ്ശേരി: അശാസ്ത്രീയമായ നിര്‍മാണം മൂലം നഗരത്തിലെ റോഡുകള്‍ തകര്‍ച്ചയിലായതിനാല്‍ യാത്രക്കാര്‍ പൊറുതിമുട്ടുന്നു. എരഞ്ഞോളിപ്പാലം മുതല്‍ തലശ്ശേരി കടല്‍പ്പാലം വരെയുള്ള റോഡുകള്‍ മിക്കതും കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. മൂന്നു വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡാണ് അറ്റകുറ്റ പ്രവൃത്തി നടത്താതെ ഇന്നും കുണ്ടും കുഴിയുമായി കിടക്കുന്നത്.
ഇതിനാല്‍ തലശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ ആദ്യം കാണുന്നത് നീണ്ട ഗതാഗത കുരുക്കായിരിക്കും. കണ്ണൂരില്‍ നിന്നു നിരവധി യാത്രക്കാര്‍ വരുന്ന വീനസ് കോര്‍ണര്‍ മുതല്‍ സംഗമം ജങ്ഷന്‍ വരെയുള്ള റോഡുകളുടെ വീതി കുറവും പ്രധാന ഗതാഗത കുരുക്കിന് കാരണമാകുന്നു. തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സംഗമം മേല്‍പ്പാലം വഴിയെത്തുന്ന വാഹനങ്ങള്‍ ഒ.വി റോഡ് ജങ്ഷനിലെത്തുമ്പോഴേക്കും നിന്നു തിരിയാനിടമില്ലാത്ത വിധം നഗരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര പതിവുകാഴ്ചയാണ്. നഗരത്തിലെ പ്രഭാത് ജങ്ഷനിലെ പാലവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് വഴി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിതീര്‍ത്ത പാലത്തിന്റെ അറ്റകുറ്റപ്പണി ഇതുവരെ തുടങ്ങിയിട്ടില്ല. ടൗണ്‍ ഹാള്‍, എ.വി.കെ നായനാര്‍ റോഡ് എന്നിവിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്ക് ഇരുട്ടടിയാണ്. പലയിടങ്ങളിലായി റോഡ് പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ഗതാഗതകുരുക്കിനു ഒരു കുറവുമില്ല. ദേശീയ പാതയിലെ കൊടുവള്ളി പാലവും അപകടാവസ്ഥയിലാണ്. കൊടുവള്ളി റെയില്‍വേ ഗേറ്റ് അടച്ചിടുന്നതോടെ ഇതുവഴി അഞ്ചര കണ്ടി, മമ്പറം, പിണറായി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളുടെ നീണ്ട നിര അപകടാവസ്ഥയിലായ പാലത്തിന് മുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കൊടുവള്ളി റെയില്‍വേ ഗേറ്റിന് മേല്‍പ്പാലം പണിയാനുള്ള നീക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് പ്രവൃത്തി പാതി വഴിയിലാണുള്ളത്. വിമാനത്താവളം പ്രവൃത്തി ആരംഭിക്കുന്നതോടുകൂടി തലശ്ശേരിയില്‍ നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്കു പോകുന്ന യാത്രക്കാരെ സാരമായി ഗതാഗത കുരുക്ക് ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."