ചൂടും പൊടിയും സഹിക്കാനായില്ല, മത്സരാര്‍ഥികള്‍ കുഴഞ്ഞുവീണു
കാഞ്ഞങ്ങാട്: ഉത്തരദേശത്തിന്റെ ചൂട് അതി കഠിനമായപ്പോള്‍ മത്സരാര്‍ഥികള്‍ നില തെറ്റി വീണു. തുടര്‍ന്ന് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗം ബാന്റ് മേളത്തിനിടെയാണ് മൂന്നു കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് നാടക മത്സരത്തിനിടെയാണ് മറ്റൊരു കുട്ടിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
എന്നിട്ടും അവര്‍ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചാണ് പിന്‍വാങ്ങിയത്. തൃശൂര്‍ മതിലകം ഒ.എല്‍.എഫ്.ജി.എച്ച്.എസിലെ ബാന്റ് മേളം അംഗങ്ങളായ കെ.എസ് നബീല, സി.ബി ശ്രീലക്ഷ്മി, ആലപ്പുഴ കൈനഗിരി ഹോളി ഫാമിലി എച്ച്.എസ്.എസിലെ ബാന്റ് മേള സംഘാംഗം അനുലക്ഷ്മി, ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര ബഥനി ബാലിക എച്ച്.എസിലെ ഇംഗ്ലീഷ് നാടക മത്സരാര്‍ഥി തന്മയ എന്നിവര്‍ക്കാണ് മത്സരങ്ങള്‍ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ ഇത് വകവെക്കാതെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചാണ് വിദ്യാര്‍ഥികള്‍ വേദിയില്‍ നിന്ന് പിന്‍വാങ്ങിയത്.
തുടര്‍ന്ന് കുഴഞ്ഞ് വീണ് പോയ കുട്ടികളെ കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നബീലക്ക് നടുവിന് നീര്‍ക്കെട്ട് കൊണ്ടുള്ള വേദന ഉണ്ടായിരുന്നെങ്കിലും അതിനെ അതിജീവിച്ചാണ് അവള്‍ മത്സരം പൂര്‍ത്തിയാക്കിയത്. ശ്രീലക്ഷ്മിയും അനുലക്ഷ്മിയും ഉത്തര ദേശത്തെ ചൂടിനെ പ്രതിരോധിക്കാനാവാതെ തളര്‍ന്ന് വീഴുകയായിരുന്നു. തന്മയക്ക് പൊടിയും ഒപ്പം ചൂടും കൂടി കഠിനമായതോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിശോധനകള്‍ക്കും വിധേയമാക്കി. കഠിനമായ ചൂട് താങ്ങാനാവാത്തതാണ് കുട്ടികള്‍ തളര്‍ന്ന് വീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാരും പറഞ്ഞു. ഒപ്പം മത്സരത്തിന്റെ പിരിമുറുക്കവും കൂടി കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അല്‍പസമയം നിരീക്ഷണത്തിന് ആശുപത്രിയില്‍ നിര്‍ത്തിയ കുട്ടികളെ ഏതാണ്ട് അര മണിക്കൂറിനുള്ളില്‍ അധ്യാപകര്‍ക്കൊപ്പം തിരികെ വിട്ടു. കലോത്സവ നഗരിയില്‍ നിന്ന് ആംബുയന്‍സ് ചീറിപ്പാഞ്ഞ് പോയത് ആദ്യം പരിഭ്രാന്തിക്കിടയാക്കിയെങ്കിലും കുട്ടികള്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചില്ലെന്ന് അറിഞ്ഞതോടെ പരിഭ്രാന്തി ആശ്വാസത്തിന് വഴിമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."