കേരള ബാങ്ക് യാഥാര്‍ഥ്യമായി: സഹകരണ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്ററെ മാറ്റി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളുടെ അന്തിമ വിധി വന്നശേഷം കേരള ബാങ്ക് രൂപികരണത്തിനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്. അവയെല്ലാം ഹൈക്കോടതി റദ്ദാക്കിയതോടെ ബാങ്ക് രൂപീകരണത്തിനുള്ള തടസങ്ങള്‍ നീങ്ങിയത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുക എന്ന നിയമപരമായ നടപടിക്രമമാണ് സാധ്യമാകുക. ബാങ്കുകളുടെ ലയനം ഉത്തരവാകുന്നതോടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഇല്ലാതാകും. സര്‍ക്കാര്‍ നിയമിക്കുന്ന ഇടക്കാല ഭരമസമിതിയാകും ഇനി സഹകരണ ബാങ്കുകളുടെ ഭരണനിര്‍വഹണം നടത്തുക. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന റിസോഴ്‌സ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ് എന്നിവര്‍ ഇടക്കാല ഭരണ സമിതിയുടെ ചുമതല വഹിക്കും. സമിതി അടിയന്തിരമായി യോഗം ചേര്‍ന്ന് തുടര്‍ ക്രമീകരണങ്ങള്‍ നടത്തും.
ബാങ്കുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധ തടസവും വരാതെ സമിതി ഭരണ ചുമതല വഹിക്കും. ഇടക്കാല ഭരണ സമിതിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമാണ്. അതിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണസമിതി വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ലയന ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ജനറല്‍ ബോഡിയോഗം ഡിസംബറില്‍ നടത്തും. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഇപ്പോള്‍ ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. അടുത്ത സെപ്റ്റംബറോടെ 850 ബ്രാഞ്ചുകളിലും എല്ലാ പ്രവര്‍ത്തനങ്ങളും ഒരേ പോലെയാക്കും.
കേരള ബാങ്ക് സി.ഇ.ഒ ആയി യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ പി.എസ്.രാജനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."