ടെന്നീസില്‍ അട്ടിമറികള്‍; ദ്യോക്കോവിച് ആദ്യ റൗണ്ടില്‍ പുറത്ത്
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ടെന്നീസ് കോര്‍ട്ടില്‍ അട്ടിമറികളുടെ ദിനം. പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വനിതാ ഡബിള്‍സില്‍ നാലാം സ്വര്‍ണം തേടി റിയോയിലെത്തിയ അമേരിക്കയുടെ സെറീന- വീനസ് വില്ല്യംസ് സഹോദരിമാരും പുരുഷ ഡബിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി- ജാമി മുറെ സഹോദരന്മാരും ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങി.
അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ് ദ്യോക്കോവിചിന്റെ ആദ്യ ഒളിംപിക് സ്വര്‍ണമെന്ന സ്വപ്നം തല്ലിക്കെടുത്തിയത്. സെര്‍ബിയന്‍ താരത്തിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പൊട്രോയുടെ വിജയം. സ്‌കോര്‍: 7-6 (7-4), 7-6 (7-2). ലോക റാങ്കിങില്‍ 145ാം സ്ഥാനക്കാരനാണ് ഡെല്‍ പൊട്രോ.
2000ത്തില്‍ സിഡ്‌നിയില്‍ തുടങ്ങിയ ഡബിള്‍സ് വിജയ പരമ്പരയ്ക്കാണ് വില്ല്യംസ് സഹോദരിമാര്‍ക്ക് അപ്രതീക്ഷിതമായി അവസാനം കുറിക്കേണ്ടി വന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫരോവ- ബാര്‍ബറ സ്ട്രിക്കോവ സഖ്യമാണ് അമേരിക്കന്‍ സഖ്യത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 6-4. 2000ത്തില്‍ സിഡ്‌നി, 2008ല്‍ ബെയ്ജിങ്, 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സുകളില്‍ വില്ല്യംസ് സഹോദരിമാര്‍ക്കായിരുന്നു ഡബിള്‍സ് സ്വര്‍ണം. വീനസ് വില്ല്യംസ് 2000ത്തില്‍ സിഡ്‌നിയില്‍ സിംഗിള്‍സിലും സ്വര്‍ണം നേടിയിരുന്നു. നേരത്തെ സിംഗിള്‍സിലും വീനസ് പുറത്തായിരുന്നു. അതേസമയം സെറീന സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
ബ്രിട്ടന്റെ അന്‍ഡി മുറെ- ജാമി മുറെ സഖ്യത്തെ ബ്രസീലിയന്‍ സഖ്യമായ തോമസ് ബെല്ലുസ്സി- ആന്‍ഡ്രെ സ സഖ്യമാണ് അട്ടിമറിച്ചത്. സ്‌കോര്‍: 7-6 (8-6) 7-6 (16-14).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."