കരിപ്പൂരില്‍ ആഭ്യന്തര-അന്താരാഷ്ട യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും വര്‍ധനവെന്ന് റിപ്പോര്‍ട്ട്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര-അന്താരാഷ്ട യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും വര്‍ധന. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളേക്കാള്‍ കൂടുതല്‍ നേട്ടം കരിപ്പൂര്‍ കൈവരിച്ചെന്ന് കണ്ടെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ വളര്‍ച്ചയാണ് കരിപ്പൂരിനുണ്ടായത്.
കരിപ്പൂരില്‍ നിന്നുള്ള വിമാനസര്‍വിസുകളും രണ്ടുമാസത്തിനിടെ 46.3 ശതമാനമാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ 1233 അന്താരാഷ്ട്ര സര്‍വിസുകള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 1747 ആയി ഉയര്‍ന്നു. ആഭ്യന്തര മേഖലയില്‍ മുന്‍ വര്‍ഷം ഇക്കാലയളവില്‍ 299 സര്‍വിസുകളായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 344 ആയി ഉയര്‍ന്നു. 18.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും കരിപ്പൂരില്‍ വന്‍ നേട്ടമാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഏപ്രില്‍ മെയ് കാലത്ത് 187493 പേരാണ് വിമാനത്താവളം ഉപയോഗിച്ചതെങ്കില്‍ ഈ വര്‍ഷം അത് 233257 ആയി ഉയര്‍ന്നു.24.4 ശതമാനത്തിന്റെ വര്‍ധനവ്. കൊച്ചിയില്‍ ഇത് 5.9 ശതമാനവും തിരുവനന്തപുരത്ത് .01 ശതമാനവുമാണ് വര്‍ധനവുണ്ടായത്.
ചരക്കു നീക്കത്തിലും വിമാനത്താവളം വന്‍കുതിപ്പ് നടത്തി. 1544 മെട്രിക്ക് ടണ്‍ കാര്‍ഗോയാണ് വിമാനത്താവളം വഴി കയറ്റി അയച്ചത്. മുന്‍ വര്‍ഷം ഇതേ കാലത്ത് 985 ടണ്‍ ചരക്ക് കൈകാര്യം ചെയ്ത സ്ഥാനത്താണിത്. 56.8ശതമാനം വളര്‍ച്ചയാണ് കരിപ്പൂരിലുണ്ടായത്. എന്നാല്‍ കൊച്ചിയില്‍ 8 ശതമാനവും തിരുവനന്തപുരത്ത് 5.1 ശതമാനവും വളര്‍ച്ചയാണ് രണ്ടുമാസത്തില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വിമാനത്താവളം കനത്ത നഷ്ടത്തിലായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4.6 കോടി രൂപയായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നഷ്ടം. വിമാന സര്‍വിസുകള്‍ വര്‍ധിച്ചതും, കാര്‍ഗോ കയറ്റുമതി കൂടിയതും വരുമാനത്തില്‍ നേട്ടമുണ്ടാക്കാനാകും. എന്നാല്‍ കയറ്റുമതിയില്‍ കഴിഞ്ഞ മാസം മുതല്‍ പ്രബല്യത്തില്‍ വന്ന 18 ശതമാനത്തിന്റെ നികുതി വര്‍ധന തിരച്ചടിയാകുമോ എന്ന സന്ദേഹവും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."