ബി.ജെ.പി ദേശീയ കൗണ്‍സില്‍: സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി : ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 23, 24, 25 തിയതികളില്‍ കോഴിക്കോട് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുഴുവന്‍ ദേശീയനേതാക്കളും പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
23നു രാവിലെ മുതല്‍ 24ന് ഉച്ചവരെ ദേശീയ നേതൃയോഗം നടക്കും. 24ന് വൈകിട്ട് നാലിന് ബീച്ച് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എല്ലാ ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എം.പിമാരും പങ്കെടുക്കും. 25ന് രാവിലെ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കും. വൈകിട്ട് ആറിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
നാഷനല്‍ കൗണ്‍സിലിന് മുന്നോടിയായി ബൂത്ത്തലം മുതല്‍ പ്രചാരണ പരിപാടികള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
സെപ്റ്റംബര്‍ 11ന് പതാകദിനം ആചരിക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 11 വരെ ബൂത്ത് തലത്തില്‍ ഗൃഹസന്ദര്‍ശന പരിപാടിയും ആദ്യകാല നേതാക്കളെ പങ്കെടുപ്പിച്ച് മണ്ഡലം അടിസ്ഥാനത്തില്‍ തലമുറകളുടെ സംഗമവും നടത്തും. ദേശീയ കൗണ്‍സിലിന്റെ സ്വാഗതസംഘം ഓഫിസ് 20ന് കോഴിക്കോട് ഉദ്ഘാടനം ചെയ്യും. വിഷന്‍കേരള മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് 25നു മേഖലകള്‍ കേന്ദ്രീകരിച്ച് യോഗം നടക്കും.
തുടര്‍ന്ന് എല്ലാ ജില്ലകളിലും കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് പരിശീലനം നല്‍കുന്ന ശില്‍പശാലകള്‍ ഒരാഴ്ചക്കകം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."