കേരളാ കോണ്‍ഗ്രസിന് എന്‍.ഡി.എയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം
കൊച്ചി: കേരളാ കോണ്‍ഗ്രസ്(എം) ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും നിലപാട് വ്യക്തമാക്കേണ്ടത് കെ.എം മാണിയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരന്‍. എന്‍.ഡി.എയുടെ വാതില്‍ കേരളാ കോണ്‍ഗ്രസിന് മുന്‍പില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിനു ശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരനാണെന്നു പറയാന്‍ വിസമ്മതിച്ച കുമ്മനം കെ.എം.മാണിക്കെതിരേ ആരോപണമുയര്‍ന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുകയാണെങ്കിലും ഇവിടെ പ്രശ്‌നം കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തീരുമാനമാണെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസ് എടുക്കുന്ന രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ബി.ജെ.പി തീരുമാനം കൈക്കൊള്ളുക. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് കേരള കോണ്‍ഗ്രസ് ആണ്. കേരള കോണ്‍ഗ്രസിനോട് ബി.ജെ.പിക്ക് നിഷേധാത്മക നിലപാടില്ല. തുറന്ന മനസാണ്.
പക്ഷെ ഇക്കാര്യം എന്‍.ഡി.എ ഘടകകക്ഷികളുമായോ പാര്‍ട്ടിക്കുള്ളിലോ ചര്‍ച്ച ചെയ്യാന്‍ മാത്രം സാഹചര്യങ്ങള്‍ പാകപ്പെട്ടിട്ടില്ല. കേരളാ കോണ്‍ഗ്രസുമായി ഔപചാരികമോ അനൗപചാരികമോ ആയ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യു.ഡി.എഫിനും എല്‍.ഡി.എഫിനും എതിരായ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിന് ലഭിച്ച അംഗീകാരമാണ് യു.ഡി.എഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. ബി.ജെ.പി ഉയര്‍ത്തിയ മൂന്നാം മുന്നണിയുടെ പ്രസക്തിയാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്.
34 വര്‍ഷം യു.ഡി.എഫിന്റെ ഭാഗമായി നിന്ന കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം രാഷ്ട്രീയ ധ്രുവീകരണവും തുടര്‍ ചലനങ്ങളുമുണ്ടാക്കും. എന്നാല്‍ അത് ഏത് ദിശയിലേക്കായിരിക്കും പോകുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കേരളാ കോണ്‍ഗ്രസ് പോയതോടെ യു.ഡി.എഫ് ശിഥിലമായിക്കഴിഞ്ഞു. ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുന്ന എന്‍.ഡി.എയാണ് ഇപ്പോള്‍ ശരിയായ പ്രതിപക്ഷം. കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."