പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും മര്‍ദനവും; പൊലിസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പരാതി
തിരുവനന്തപുരം: സീരിയല്‍ നടനും ഡബിങ് ആര്‍ടിസ്റ്റുമായ ബിജുവിനെ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് പരാതി.
കുമാരപുരം പൂന്തി റോഡിലുള്ള തേജസ് ഫ്ളാറ്റില്‍ താമസിക്കുന്ന കുടുംബസുഹൃത്തിന്റെ വീട്ടില്‍ തൊണ്ട് എടുക്കാന്‍ പോയപ്പോഴാണ് ഫ്ളാറ്റിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരമന കെ.ആര് ഗ്യാസ് ഏജന്‍സി ഉടമ സനല്‍കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. തുടര്‍ന്ന് സനല്‍കുമാറും ഒരു സംഘം ആളുകളും ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്ദച്ചെന്നും ഒപ്പമുണ്ടായിരുന്ന ഭാര്യയെ അസഭ്യം പറഞ്ഞെന്നും ബിജു ആരോപിക്കുന്നു.
പരുക്കേറ്റ ബിജുവിനെ ഭാര്യയും മക്കളും മെഡിക്കല്‍ കോളജ് ക്യാഷ്വാലിറ്റിയില്‍ എത്തിക്കുകയും മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ സംഭവം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരുമണിക്കൂറിന് ശേഷവും പൊലിസ് എത്തുകയോ കേസ് എടുക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അഡ്വക്കേറ്റ് വിളിച്ചറിയിച്ചതിന് ശേഷമാണ് പൊലിസ് ആശുപത്രിയിലേക്ക് എത്താന്‍ തയാറായത്. എങ്കിലും പൊലിസ് കേസെടുക്കുകയോ പ്രതികളെ പിടികൂടാന്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.ഡി.ജി.പി, സിറ്റി പൊലിസ് കമ്മിഷ്ണര്‍, മെഡിക്കല്‍ കോളജ് സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കാഞ്ഞതിനെത്തുടര്ന്ന് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയതിന് ശേഷമാണ് പൊലിസ് കേസെടുക്കാന്‍ തയാറായതെന്നും ബിജു ആരോപിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം തന്നെ പ്രതിയാക്കാന്‍ പൊലിസ് ശ്രമിക്കുകയാണെന്നും പ്രതിയെയും കണ്ടാലറിയാവുന്ന അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."