അയത്തിലില്‍ തോടിന് മുകളിലൂടെ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍
കൊല്ലം: അയത്തില്‍ ഭാഗത്ത് തോടിന് മുകളിലൂടെയുള്ള റോഡുകള്‍ പൂര്‍ത്തിയാവുന്നു. മുന്നണിക്കുളം വയല്‍ ഭാഗത്ത് നിന്ന് തുടങ്ങി പുളിയത്ത് മുക്കിനടുത്തുള്ള കൊല്ലം തോടിന് സമീപത്ത് എത്തിച്ചേരുന്നതാണ് പ്രധാന റോഡ്. അയത്തില്‍ കൊല്ലം റോഡുമായിട്ടാണ് ഇത് ബന്ധിപ്പിക്കുക. പൂന്തോപ്പ് വയല്‍, പുതുവയല്‍ ഭാഗങ്ങളില്‍ നേരത്തേ കൃഷിയില്ലാതാകുകയും നിലംനികത്തി വീടുകള്‍ നിര്‍മിക്കുകയും ചെയ്തു. കൂടുതല്‍ കുടുംബങ്ങള്‍ താമസം തുടങ്ങിയപ്പോഴാണ് വഴി ഇവിടെ പ്രധാന പ്രശ്‌നമായത്.
റോഡ് നിര്‍മിക്കാന്‍ മറ്റ് ഭൂമിയില്ലാതെ വന്നപ്പോഴാണ് മുന്നണിക്കുളത്ത് നിന്ന് പുളിയത്തുമുക്കിലേക്കുള്ള തോട് ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ അയത്തില്‍ വായനശാല പുളിയത്തുമുക്ക് റോഡില്‍ എത്തുന്ന വിധം തോടിന് മുകളില്‍ കോണ്‍ക്രീറ്റ് നടത്തി. രണ്ടാംഘട്ടത്തില്‍ കുറച്ച് ഭാഗംകൂടി കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ഇവിടെ ഫ്‌ളാറ്റിന് സമീപം നിര്‍മാണം നിലച്ചിരുന്നു.
പിന്നീട് എം മുകേഷ് എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നുള്ള 88 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. തോടിന്റെ ഇരുവശങ്ങളും കെട്ടിബലപ്പെടുത്തിയ ശേഷമാണ് മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഒരാഴ്ചയ്ക്കകം നിര്‍മാണം പൂര്‍ത്തിയാകും. അയത്തില്‍ കൊല്ലം റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നിലവില്‍ ഒരു കലുങ്കുണ്ട്. ഇതിന്റെ ഒരു വശത്തെ മുകളിലേക്കുള്ള കെട്ട് ഇടിച്ച് റോഡിന്റെ നിരപ്പാക്കും.
വാഴയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ മുന്നണിക്കുളത്തേക്കുള്ള തോടിന് മുകളില്‍ റോഡ് നിര്‍മിക്കാന്‍ കോര്‍പ്പറേഷന്‍ 13.5 ലക്ഷം രൂപയും തെക്കേക്കാവ് ക്ഷേത്രത്തിന് മുന്നിലെ ഓടയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് നടത്താന്‍ 9 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
യാര്‍ഡ് ഭാഗത്ത് നിന്നുള്ള ഓട നിര്‍മാണത്തിന് 28 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്ഥലപരിമിതിയില്‍ പുതിയ റോഡുകള്‍ പ്രായോഗികമല്ലെന്ന് കരുതിയിരുന്നപ്പോള്‍ തോടുകള്‍ക്ക് മുകളില്‍ക്കൂടി റോഡ് വരുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."